മുന്‍ എം.എല്‍.എ കെ.എം.സൂപ്പി അന്തരിച്ചു
പാനൂര്‍ (കണ്ണൂര്‍): പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.എല്‍.എയും മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗവുമായ കെ.എം.സൂപ്പി(83) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.45ന് സ്വവസതിയായ സീതിപള്ളി ഫിര്‍ദൗസ് മന്‍സിലിലായിരുന്നു അന്ത്യം. കഴിഞ്ഞ മേയ് ഒന്നിന് പെരിങ്ങത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്റ്റേജില്‍ നിന്ന് വീണുപരുക്കേറ്റ് മാസങ്ങളോളം ചികില്‍സയിലായിരുന്നു. 1933 ഏപ്രില്‍ അഞ്ചിന് കണ്ടത്തില്‍ മൊയാരത്ത് മമ്മു-പാത്തു ദമ്പതികളുടെ മകനായി ജനിച്ച കെ.എം.സൂപ്പി എസ്.എസ്.എല്‍.സിയും വൈദ്യവിഭൂഷണവും പാസായി.
സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് മുസ്‌ലിംലീഗിലേക്കെത്തിയത്. സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പി.ആര്‍.കുറുപ്പിനൊപ്പമാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.
1970-77, 1991-96 കാലയളവില്‍ പെരിങ്ങളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭാംഗമായിരുന്നു. സംസ്ഥാന വഖഫ് ബോര്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡംഗം, മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ്, കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, നിയമസഭാ സബോര്‍ഡിനേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍, 20വര്‍ഷം പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് വികസനസമിതി പ്രസിഡന്റ്, പെരിങ്ങളം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്, പാനൂര്‍ മഹല്ല് പ്രസിഡന്റ്, എം.ഇ.എഫ്(എന്‍.എ.എം.കോളജ്) ജനറല്‍ സിക്രട്ടറി തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാനൂരിലെ പൗരപ്രമുഖനും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു കെ.എം.സൂപ്പി.
ഭാര്യ: ഖദീജ ഹജ്ജുമ്മ മക്കള്‍: അഷ്‌റഫ്, ഫിറോസ്(അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), നസീമ, ഫൗസിയ. മരുമക്കള്‍: തടത്തില്‍ അഹമദ്(ചെറ്റക്കണ്ടി), എം.പി.സി.അബ്ദുല്ല (കണ്ണവം), നാദിറ (കോട്ടയംപൊയില്‍), സൈദ( കംപ്യൂട്ടര്‍ ലാബ് അസി. കല്ലിക്കണ്ടി എന്‍.എ.എം). സഹോദരങ്ങള്‍: സുഹ്‌റ, പരേതരായ യൂസഫ്, മഹമൂദ്. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നജാദ് നഴ്‌സറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വൈകുന്നേരം അഞ്ചിന് പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പരേതനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."