എന്നും എപ്പോഴും മതേതരവാദി
രാഷ്ട്രീയ, മതവിശ്വാസങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ കൊടിയേന്തിയ നേതാവായിരുന്നു കെ.എം സൂപ്പി. സോഷ്യലിസ്റ്റായി പ്രവര്‍ത്തിച്ച കാലം അദ്ദേഹത്തില്‍ വേരോടിയ മതേതര നിലപാടിനു ഒരു പോറല്‍പോലും ഏല്‍ക്കാതെ അവസാനം കാലംവരെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. നേര്‍ക്കുനേരെ ഒരു ജീവിതമെന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ ഇക്കാര്യം അദ്ദേഹം അടിവരയിട്ടു പറയുന്നതിങ്ങനെ: ഒരു സോഷ്യലിസ്റ്റ് പ്രവര്‍ത്തകനെന്ന നിയലില്‍ പ്രവര്‍ത്തിച്ച കാലം എന്നെ വാത്സല്യത്തോടെ വളര്‍ത്തിയ ജനതയെ എല്ലാ കടപ്പാടോടും കൂടി ഞാനിവിടെ ഓര്‍മിക്കുന്നു. ഈ കാലഘട്ടത്തില്‍ അമ്മമാര്‍ വിളമ്പിത്തന്ന കഞ്ഞികുടിച്ചാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ ഏതു പദവിയിലും ഞാനൊരു മതേതരവാദിയായി ജീവിച്ചിട്ടുണ്ട്. എതിരാളിയെ സഹിഷ്ണുതയോടെ കേള്‍ക്കാനും മാനുഷികത നിലപാടുകള്‍ സ്വീകരിക്കാനും കെ.എമ്മിനെ പ്രാപ്തനാക്കിയത് താഴെതട്ടിലെ അനുഭവങ്ങളാണ്. തലശേരികലാപവേളയില്‍ ന്യൂനപക്ഷങ്ങള്‍ കടന്നാക്രമിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പറയേണ്ടത് ശക്തമായി പറയാനും എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കാനുള്ള ഉയര്‍ന്ന രാഷ്ട്രീയബോധം കെ.എം സൂപ്പി പുലര്‍ത്തി. രാഷ്ട്രീയത്തിനപ്പുറത്തേക്ക് ബന്ധങ്ങള്‍ സൃഷ്ടിക്കാനും മറ്റുള്ളവരെ പരിഗണിക്കാനുമുള്ള അന്യാദൃശ്യമായ കഴിവുകാണിച്ച അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പി.ആറുമായി അകന്നപ്പോഴും സോഷ്യലിസ്റ്റു ചേരിയിലെ പഴയസഹപ്രവര്‍ത്തകരുമായി ഇഴയടുപ്പം അദ്ദേഹം സൂക്ഷിച്ചു. മറ്റുള്ളവരോടുള്ള ഈ പരിഗണനയാണ് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുമ്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ ഗുരുവായ പി.ആറിന്റെ മകന്‍ കെ.പി മോഹനന്‍ കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനെ വേദിയിലെത്തിച്ചത്. ഈ പരിപാടിക്കിടെ വേദിയില്‍ നിന്നുണ്ടായ വീഴ്ചയാണ് കെ.എമ്മിനെ കിടപ്പിലാക്കിയതും പിന്നീട് അന്ത്യത്തി നിടയാക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."