ക്രിമിനലുകള്‍ക്കായി നിയമ പാലകരെ 'കൈകാര്യം' ചെയ്ത് പാര്‍ട്ടികള്‍
മണ്ണഞ്ചേരി : ജില്ലയില്‍ പൊലീസിന്റെ ആത്മധൈര്യം ചോരുന്ന നടപടികളുമായി മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്. കേന്ദ്ര - സംസ്ഥാന ഭരണകക്ഷിയിലെ പ്രധാനികളാണ് പൊലീസിന്റെ കൃത്യനിര്വ്വഹണംതന്നെ തടസപ്പെടുത്തുന്നത്. ക്രിമിനലുകളെ സംരക്ഷിക്കാനായി പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ അധികരിക്കുന്നത് ആശങ്കപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുറവൂരിലും മണ്ണഞ്ചേരിയിലും പൊലീസുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇരുസംഭവങ്ങളിലും പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാണ് രാഷ്ട്രീയനേതൃത്വം കുറ്റവാളികളായ അണികളെ സംരക്ഷിച്ചത്. ക്രിമിനലുകളെ ന്യായികരിച്ചും പൊലീസിനെ അധിക്ഷേപിച്ചുമുള്ള ഫേയ്സ് ബുക്ക് പോസ്റ്റും ഇരുസ്ഥലങ്ങളിലും നേതൃത്വം നടത്തിയിരുന്നു. തുറവൂര്‍ സംഭവത്തില്‍ പൊലീസിനെ അക്രമിച്ചതിനെ അഭിനന്ദിച്ചുള്ള പോസ്റ്റാണ് ആര്.എസ്.എസ് പ്രവര്‍ത്തകനായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ രാജിത്ത് ഇട്ടത്.പൊലീസിനെതിരെ അസഭ്യവര്‍ഷവും ഇയാള്‍ ഈ പോസ്റ്റിലൂടെ നടത്തിയിരുന്നു.മണ്ണഞ്ചേരിയിലെ നിലവിലെ പ്രശ്നത്തിന് ആധാരമായ കേസില്‍ ഒരുമാസം മുന്‍പ് ജയേഷിനെ അറസ്റ്റ് ചെയ്യാന്‍ മണ്ണഞ്ചേരി എസ്.ഐ ജോയിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.15 കാരിയെ അക്രമിച്ച കേസില്‍പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടാനെത്തിയ എസ്.ഐ ക്കെതിരെ സി.പി.എം ലോക്കല്‍കമ്മറ്റി സെക്രട്ടറിയും ഫേയ്സ് ബുക്കില്‍ പ്രതികരിച്ചിരുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് സ്വദേശിയും സി.പി.എം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുമായ പി.രഘുനാഥ് ആണ് അന്ന് ഫേയ്സ് ബുക്കിലൂടെ പൊലീസിനെതിരെ തിരിഞ്ഞത്. ആ പോസ്റ്റിലും പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്ന പ്രയോഗങ്ങളായിരുന്നു. തുറവൂര്‍ സംഭവത്തില്‍ 12 ബി.ജെ.പി പ്രവര്‍ത്തകരെയും മണ്ണഞ്ചേരിയിലെ സംഘര്‍ഷത്തില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
നാട്ടില്‍ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള ബോധപൂര്‍വ്വമായ നടപടികള്‍ ഉണ്ടാകുന്നതില്‍ സി.പി.എം ന്റെയും ബി.ജെ.പി യുടെയും ഒരുവിഭാഗം നേതൃത്വത്തിന് അതൃപ്തിയുള്ളതായാണ് അറിയുന്നത്. ഇവര്‍ പ്രശ്നങ്ങളെ സംബന്ധിച്ച് അടിയന്തിരമായി പ്രാദേശിക നേതൃത്വത്തോട് വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുസംഭവങ്ങളിലുമായി അഞ്ചുപൊലീസുകര്ക്കാണ് പരിക്കേറ്റിട്ടുള്ളത്.കുത്തിയതോട് എസ്.ഐ പി.അഭിലാഷ്, മണ്ണഞ്ചേരി എസ്.ഐ ജോയി എന്നിവരും പരിക്കേറ്റവരില്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."