കുടിവെള്ളം കിട്ടാക്കനി; പൈപ്പ് പൊട്ടി ജലം പാഴാകുന്നത് കാണാതെ അധികൃതര്‍
പൂച്ചാക്കല്‍: ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായിരിക്കുയാണ്. തിങ്കളാഴ്ച്ച മണപ്പുറം കന്നുകുളത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം റോഡില്‍ ഒഴുകി ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറി.
പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നിവിടങ്ങളിലെ സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന 450 മി.മീറ്റര്‍ വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. റോഡിലെ വെള്ളത്തില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി അപകടം ഉണ്ടാകുന്നതും പതിവ് കാഴ്ചയായി.
കഴിഞ്ഞ ദിവസം പൂച്ചാക്കല്‍ പഴയ പാലത്തിന് സമീപം പൈപ്പ് പൊട്ടി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം വെള്ളം ശക്തിയായി മണിക്കൂറോളം റോഡില്‍ ഒഴുകുകയും സമീപത്തെ വീടുകളില്‍ കെട്ടിനില്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തരത്തില്‍ ഓടമ്പള്ളി വളവ്,വീരമങ്കലം വളവ് എന്നിവിടങ്ങളില്‍ തുടര്‍ച്ചായി പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് ബൈക്കുകള്‍ തെന്നിവീണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
പൈപ്പ് പൊട്ടിയ വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചു കഴിഞ്ഞാല്‍ ഏറെ വൈകിയാണ് എത്തുന്നത്.പൈപ്പിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും കാലതാമസം നേരിടുകയും ചെയ്യുന്നു.
ഇതേ തുടര്‍ന്ന് പ്രദേശത്ത് മുഴുവനും കുടിവെള്ളം കിട്ടാതെ വരുന്നതും പതിവായിരിക്കുകയാണ്.
നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് തുടരെ പൈപ്പ് പൊട്ടാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."