ലഹരിയും ഇന്റര്‍നെറ്റും വഴിതെറ്റിച്ചവര്‍ക്ക് വഴികാട്ടിയാവാന്‍ ജനമൈത്രി കൗണ്‍സലിങ് സെന്റര്‍
തൊടുപുഴ: മദ്യപാനവും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ദുരുപയോഗവും മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് തൊടുപുഴ ജനമൈത്രീ പൊലിസിന്റെ കൗണ്‍സലിങ് സെന്റര്‍.
തൊടുപുഴ ഡിവൈഎസ്പി ഓഫീസിനോട് അനുബന്ധിച്ചാണ് കൗണ്‍സിലിങ് സെന്ററിന്റെ സേവനം ഒരുക്കിയിരിക്കുന്നത്.
സ്റ്റേഷനില്‍ പരാതിയുമായി വരുന്നവരില്‍ മദ്യപാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ശനിയാഴ്ചകളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുമുണ്ട്.
വിട്ടുവീഴ്ചാ മനോഭാവത്തിലെ കുറവുകള്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം, ലഹരി ഉപയോഗം എന്നിങ്ങനെ പലവിധ പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി തകര്‍ച്ചയുടെ വക്കിലെത്തി നില്ക്കുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിങ് സെന്ററിലെത്തി പരിഹാരം തേടാം.
കൗണ്‍സിലിങ് സെന്ററും ജനമൈത്രി പൊലിസ് പദ്ധതിയും സംയുക്തമായി സമൂഹത്തിന്റെ നാനാതുറകളില്പ്പെട്ടവര്ക്കായി റസിഡന്‍സ് അസോസിയേഷനുകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ മേല്‍നോട്ടത്തില്‍ എം.എസ്.ഡബ്ല്യു ബിരുദധാരിയായ സിവില്‍ പൊലിസ് ഓഫിസര്‍ മഹേഷാണ് കൗണ്‍സലിങ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."