ഭരണമേതായാലും പ്രകൃതി സംരക്ഷിക്കപ്പെടണം
കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും രണ്ടുമാസക്കാലത്തെ തെരഞ്ഞെടുപ്പു പടയോട്ടത്തിലായിരുന്നു. ഇത്ര വീറുംവാശിയും സന്നാഹങ്ങളും നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണം ഇതിനുമുന്‍പു കേരളം കണ്ടിട്ടുണ്ടാവില്ല. നഗര ഗ്രാമവ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ കേരളം തിമിര്‍ത്താടുകയായിരുന്നു. ശക്തമായ ത്രികോണമത്സരങ്ങള്‍ക്കും പല മണ്ഡലങ്ങളും വേദിയായി.
എന്നാല്‍, കേരളം ഇപ്പോള്‍ കാതോര്‍ക്കുന്നതും ഉറ്റുനോക്കുന്നതുമെല്ലാം ഇനി ആരു കേരളം ഭരിക്കുമെന്നും അവര്‍ ഏതു തരത്തിലുള്ള വികസനമാണു നടപ്പാക്കാന്‍ പോകുന്നതെന്നുമാണ്. മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരത്തിനുവേണ്ടി വാശിപിടിക്കുമ്പോള്‍ വെട്ടിലാകുന്നതു സാധാരണക്കാര്‍ മാത്രമാണ്. അതിനാല്‍, സാധാരണക്കാരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളുമിറയാന്‍ ശ്രമിക്കുന്ന, അതിനു പരിഹാരം കണ്ടെത്തുന്ന ഒരു ഭരണകൂടത്തെയാണ് ആവശ്യം.
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുപ്രചാരണങ്ങളാണ് ഉയര്‍ന്നുവന്നത്.
കേരളത്തെ ജനക്ഷേമകരമായ ഭരണത്തിലൂടെ വികസനക്കുതിപ്പിലേയ്ക്കു നയിച്ച യു.ഡി.എഫ് തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനും ഭരണത്തുടര്‍ച്ച നിലനിര്‍ത്താനും ജനങ്ങളോടു വോട്ടിനായി അഭ്യര്‍ത്ഥിച്ചു. അതേസമയം, അഴിമതി തുടച്ചു നീക്കുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്നും തങ്ങള്‍ അധികാരത്തില്‍വന്നാല്‍ എല്ലാം ശരിയാകുമെന്നുമുള്ള വാഗ്ദാനത്തോടെയാണ് എല്‍ ഡിഎഫ് ജനങ്ങളെ സമീപിച്ചത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തെ മറ്റൊരു തരത്തിലേയ്ക്കു എത്തിക്കുമെന്നതായിരുന്നു മൂന്നാം മുന്നണിയുടെ പ്രചാരണം.
ജനത്തിനുവേണ്ടത് അവരാഗ്രഹിക്കുന്ന തരത്തിലുള്ള ഭരണമാണ്. അതിനാല്‍, അധികാരത്തില്‍ വരുന്നവര്‍ ആരായാലും തങ്ങളുടെ അജണ്ഡ അടിച്ചേല്‍പ്പിക്കാതെ കേരളത്തിലെ സാധാരണക്കാര്‍ ആഗ്രഹിക്കുന്നപോലെ ഭരിക്കാന്‍ തയാറാവണം. വികസനത്തില്‍ മാത്രം പോരാ ശ്രദ്ധ. പ്രകൃതിയെ സംരക്ഷിക്കലും സാമൂഹികമായ പുരോഗതിയും മതപരമായ സഹവര്‍ത്തിത്വവും നടപ്പാക്കുന്നതില്‍ ഇനി വരുന്ന ഭരണകൂടം ശ്രമിക്കേണ്ടതാണ്.
ഇത്തവണ കേരളത്തിലുണ്ടായത് തെരഞ്ഞെടുപ്പുചൂടു മാത്രമല്ലെന്നോര്‍ക്കണം. മനുഷ്യനെ കൊല്ലുന്ന സൂര്യതാപവും ഇത്തവണ അനുഭവപ്പെട്ടു. ഭൂമി അങ്ങേയറ്റം അപകടകരമായ അവസ്ഥയിലെത്തിയിട്ടും മനുഷ്യരുള്‍പ്പെടുന്ന സകലജീവജാലങ്ങളുടെയും നിലനില്‍പ്പിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നതല്ലാതെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും പ്രകടനപത്രിതകകളിലും എന്തെങ്കിലും നിര്‍ദേശങ്ങളോ പോംവഴികളോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും പറഞ്ഞിട്ടില്ല.
ചൂടുകൊണ്ടു മനുഷ്യരുടെ ജീവന്‍തന്നെ നഷ്ടമായ ഒട്ടേറെ സംഭവങ്ങള്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആര്‍ത്തി കൊണ്ടുമാത്രമാണ് ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടായത്. എല്ലാ പാര്‍ട്ടികളും മോഹനവാഗ്ദാനങ്ങളടങ്ങുന്ന പ്രകടപ്രതികയിറക്കി. അഴിമതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു. എന്നാല്‍, ജനങ്ങളുടെ നിലനില്‍പ്പിനെ ഏറ്റവും ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് എവിടെയും ചര്‍ച്ചയുണ്ടായില്ല. അതാണ് അത്ഭുതപ്പെടുത്തുന്ന, ഭീതിപ്പെടുത്തേണ്ട വസ്തുത.
ഇനിയെങ്കിലും, ഈയൊരു വിഷയം അതിപ്രാധാന്യത്തോടെ ഇനി വരുന്ന ഭരണകൂടം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കാരണം, ആഗോളതാപനവും അതിന്റെ പ്രത്യാഘാതങ്ങളും കുടിവെള്ളം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാര്‍ഷികാഭിവൃദ്ധി, മത്സ്യലഭ്യത, ടൂറിസം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. ഇത് അവഗണിച്ചുതള്ളാവുന്ന വിഷയമല്ല. ഏതു ഭരണം വന്നാലും പ്രകൃതിയോടു ക്രൂരത കാണിക്കരുത്. ഇതിനാല്‍ത്തന്നെ പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ മുഴുവന്‍ ജലലഭ്യതയും നിലനില്‍പ്പും ഹിമാലയത്തേക്കാള്‍ പ്രായമുള്ള പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ്.
കേരളത്തിലെ 44 നദികളുടെയും ഉത്ഭവം ഈ മലനിരകളില്‍ നിന്നാണ്. മറ്റൊരിടത്തും കാണാത്ത നിത്യഹരിതവനങ്ങളുള്ള, വംശനാശം നേരിടുന്ന മുന്നൂറിലധികം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായ പ്രദേശമാണിത്. കാടുകള്‍ അന്തരീക്ഷ മലിനീകരണമില്ലാതാക്കി ശുദ്ധവായു നല്‍കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും നാം കാടുംമലയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗം നശിച്ചുകഴിഞ്ഞിരിക്കുന്നു. ബാക്കികൂടി നശിച്ചാല്‍ കേരളമെന്ന നിത്യഹരിതഭൂമി ഇല്ലാതാവും. ഇതുകൊണ്ടുതന്നെ കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിനു കൂടുതല്‍ ഊന്നല്‍നല്‍കണം.
ഒരുവിധത്തിലുള്ള വനം കൈയേറ്റവും അനുവദിക്കില്ലെന്നും വനസംരക്ഷണത്തിനു പ്രാദേശികജനവിഭാഗത്തെയും തദ്ദേശസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തുമെന്നും എല്‍.ഡി.എഫ് പറഞ്ഞിരുന്നു. അതേസമയം അധികാരത്തില്‍ വന്നാല്‍ ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്നും പറഞ്ഞു. ആതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ 138 ഹെക്ടര്‍ കാടാണ് ഇല്ലാതാകാന്‍ പോകുന്നത്. അതു പ്രഖ്യാപനം നടത്തിയവര്‍ ഓര്‍ത്തില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ പേരില്‍ കാടും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ക്വാറികളുടെ കാര്യത്തിലും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളു.
കാര്‍ഷികമേഖലയിലെ അവസ്ഥയും പരിതാപകരമാണ്. കേരളത്തിന്റെ മുഖ്യാഹാരമായ അരി, ആവശ്യമുള്ളിടത്തു 15 ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി വേണ്ടിടത്ത് കഴിഞ്ഞവര്‍ഷം ആറു ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞത്. പ്രകൃതിയോടുചെയ്ത ക്രൂരത കാരണം കഴിഞ്ഞ കുറേവര്‍ഷത്തിനുള്ളില്‍ ഏഴര ഹെക്ടര്‍ നെല്‍കൃഷി നശിച്ചുപോയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ അരി വാങ്ങിയാണ് നാം പ്രശ്‌നം പരിഹരിക്കുന്നത്. അതു പരിഹാരമാകുന്നില്ലല്ലോ. ഭൂമിയുടെ താപം ഒരു ഡിഗ്രി സെലഷ്യസ് വര്‍ധിക്കുമ്പോള്‍ നെല്ലിന്റെ വിളവിന്റെ അളവ് 46 ശതമാനമെങ്കിലും കുറയും.
പ്രകൃതിയുടെ ഭാവമാറ്റം മത്സ്യബന്ധനത്തെയും പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ഭൂമിയുടെ മുക്കാല്‍ഭാഗവും കടലാണ്. തീരപ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടലും തീരവും തമ്മിലുള്ള ജൈവബന്ധത്തെയും താപജല കൈമാറ്റങ്ങളെയും ബാധിച്ചിട്ടുണ്ട്.
കടലിനെ കൂടുതല്‍ അപകടത്തിലാക്കുന്ന പദ്ധതികളാണു മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരത്തില്‍ വന്നാല്‍ മുന്നോട്ടുവയ്ക്കാറുള്ളത്. വിഴിഞ്ഞം പോലുള്ള പദ്ധതികളും ഇതിനുവേണ്ടി നടത്തുന്ന മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങളും സമുദ്രതീരത്തെ ആവാസവ്യവസ്ഥകള്‍ക്കും പരിസ്ഥിതിക്കും മത്സ്യ ബന്ധനത്തിനും ടൂറിസത്തിനും ഉണ്ടാക്കാന്‍പോകുന്ന പ്രശ്ങ്ങള്‍ ഗുരുതരമാണ്. ഏകദേശം 80 ഹെക്ടര്‍ കടലാണു നികത്താന്‍ പോകുന്നത്.
പ്രകൃതിയെ ചൂഷണംചെയ്താല്‍ മനുഷ്യന്‍ അതിന്റെ ഫലം അനുഭവിക്കുകതന്നെ ചെയ്യും. സാധാരണക്കാരായ ജനങ്ങള്‍ അതിന് ഇരയാവാതെ ഇനി സംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിനാണ്. എന്തുതരത്തിലുള്ള വികസനമാണ് ഇനി വരേണ്ടതെന്നു പരസ്യമായി, തുറന്നമനസ്സോടെ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു. അതാണ് ജനം ആഗ്രഹിക്കുന്നത്. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."