നെട്ടോട്ടത്തിനു അറുതിയില്ല
കണ്ണൂര്‍: എ.ടി.എമ്മുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടും പണത്തിനായുള്ള നാട്ടുകാരുടെ നെട്ടോട്ടത്തിന് ഇന്നലെയും കുറവുണ്ടായില്ല. ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കി വേണ്ടത്ര പണം എ.ടി.എമ്മുകളില്‍ നിറച്ചിരുന്നില്ല. 100, 50 രൂപയുടെ നോട്ടുകളാണ് എ.ടി.എം വഴി ലഭിക്കുമെന്ന് അറിയിച്ചത്. 2000 രൂപയുടെ നോട്ട് സോഫ്റ്റ്‌വെയര്‍ പുനക്രമീകരിച്ചേ നിറയ്ക്കാന്‍ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു. ദൈനംദിന ചെലവിനായുള്ള പണത്തിനായി ജില്ലയിലെ എ.ടി.എമ്മുകള്‍ക്കു മുന്നിലും രാവിലെ മുതല്‍ക്കേ ആള്‍ക്കാരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ മിക്കയിടത്തും നിരാശയായിരുന്നു ഫലം. മുന്നേ പറഞ്ഞതുപോലെ മിക്കയിടത്തും പണം നിറച്ചിരുന്നില്ല. നിറച്ചിരുന്ന എ.ടി.എമ്മുകളിലാകട്ടേ വളരെ കുറച്ചു തുകയേ ഉണ്ടായിരുന്നുള്ളൂ. ഇതു പണത്തിനായി ക്യൂ നിന്നവരെ ഏറെ വലച്ചു. 100, 50 രൂപകളായി നിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടിയത് അഞ്ചു ലക്ഷം രൂപ വരെയേ ഒരു കൗണ്ടറില്‍ നിറക്കാന്‍ കഴിയൂ. ഒരാള്‍ക്കു പരമാവധി പിന്‍വലിക്കാവുന്ന തുകയാണെങ്കില്‍ 2000 രൂപയും. മിക്കയിടത്തും ഉച്ചയോടെ എ.ടി.എമ്മുകള്‍ കാലിയായി. ബാങ്കുകളോടു ചേര്‍ന്നുള്ള എ.ടി.എമ്മുകളില്‍ പണം തീരുന്ന മുറയ്ക്ക് ഇടുമെന്നറിയിച്ചെങ്കിലും അതും നടന്നില്ല. ജില്ലയിലെ പകുതി എ.ടി.എമ്മുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.
പണം മാറ്റിവാങ്ങാനായി ബാങ്കുകിലെത്തിയവരുടെ തിരക്കും ഇന്നലെ അധികരിച്ചു. ബാങ്കുകള്‍ക്കു മുന്നില്‍ വൈകുന്നേരം ബാങ്കിടപാടു കഴിയുന്നതുവരെ നീണ്ട നിരയായിരുന്നു. പാപ്പിനിശ്ശേരിയില്‍ എല്ലാ ബാങ്കുകളും അഞ്ചു മണിയോടെ ഇടപാട് അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ബാങ്കില്‍ രാത്രി ഏഴിനു ശേഷവും ക്യൂ തുടര്‍ന്നു
കാത്തുനിന്നവര്‍ നിരാശരായി: പണപയറ്റുകള്‍ നിര്‍ത്തിവച്ചു
പെരിങ്ങത്തൂര്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പെരിങ്ങത്തൂരിലെ പണപയറ്റുകളും വെട്ടിലായി. ഇന്നലെ നടത്താനിരുന്ന പണപയറ്റുകളാണ് നിര്‍ത്തലാക്കിയത്. മാസങ്ങള്‍ക്കു മുന്‍പ് നാട്ടുകാരണവന്മാരെ കണ്ട് തിയതി നിശ്ചയിച്ച പണപയറ്റുകളാണ് നിര്‍ത്തിവച്ചത്. നാട്ടിന്‍ പുറങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനായി പഴമക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് പണപയറ്റുകള്‍. സാധാരണക്കാരന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബാങ്കുകളെയോ ബ്ലേഡുകാരെയോ സമീപിക്കാതെ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ പറ്റുന്ന ഒരുപാധിയാണിത്. സദര്‍ എന്നും കുറി കല്ല്യാണമെന്നും ചിലയിടങ്ങള്‍ ഇതിനെ അറിയപ്പെടുന്നു. 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും കൈമാറാനും കഴിയാതെ വന്നതോടെയാണ് പയറ്റ് തീരുമാനിച്ചവര്‍ തന്നെ സ്വയം നിര്‍ത്തിവച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബാങ്കില്‍ പണം നിക്ഷേപിക്കാതെ പയറ്റിനു കാത്തുനിന്നവര്‍ ഇതോടെ നിരാശരായി. ഒരാള്‍ തനിക്കു പയറ്റിയ സംഖ്യ ഇരട്ടിയായി തിരിച്ചു പയറ്റുന്നതാണ് നാട്ടുനടപ്പ്. നോട്ടുകള്‍ അസാധുവായതോടെ നാട്ടുനടപ്പ് ലംഘിച്ച് വന്‍തുക നല്‍കുന്നതാണ് പയറ്റുകാരന് വിനയായത്.
ആവശ്യത്തിന് കറന്‍സി ലഭ്യമാക്കണം: പി.കെ ശ്രീമതി എം.പി
കണ്ണൂര്‍: ജില്ലയിലെ ബാങ്കുകളില്‍ 100 രൂപയുടെ നോട്ടുകള്‍ ആവശ്യത്തിനു ലഭ്യമാക്കണമെന്നു പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടു. സാധാരണക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവില്‍. അതിനാല്‍ ജില്ലയ്ക്ക് ആവശ്യമുള്ള 100, 50, 20 രൂപയുടെ നോട്ടുകള്‍ അടിയന്തിരമായി അനുവദിക്കണമെന്ന് പി.കെ ശ്രീമതി എം.പി റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ഡയറക്ടറോടും ആര്‍.ബി.ഐ (ഇഷ്യൂ ഡിപ്പാര്‍ട്ട്‌മെന്റ്) ഡെപ്യൂട്ടി ജനറല്‍ മാനേജറോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."