കെ.എസ്.ഇ.ബി.യുടെ ലാഭത്തിലല്ല ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലാണ് ഊന്നല്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ലാഭത്തിലല്ല ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി.
എ.ഐ.എഫ്.ഇ.ഇ 15ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് 'ആഗോളവത്ക്കരണ നയഫലങ്ങള്‍ ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും എത്ര സമ്മര്‍ദ്ദമുണ്ടായാലും കെ.എസ്.ഇ.ബി.യെ വിഭജിക്കില്ല. ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി കാര്യക്ഷമത വര്‍ധിപ്പിച്ച് കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. വികസനമെന്നാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
2017 മാര്‍ച്ചിനുള്ളില്‍ തന്നെ കേരളത്തിലെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സെമിനാറില്‍ മുഖ്യാതിഥി ആയിരുന്ന വൈദ്യുത വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സെമിനാറില്‍ എ.ഐ.എഫ്.ഇ.ഇ അഡീഷണല്‍ ജനറല്‍ സെക്രട്ടറി മോഹന്‍ ശര്‍മ്മ മോഡറേറ്ററായിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.ഒ. ഹബീബ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. പി. ഗോപകുമാര്‍, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."