വിദേശത്ത് ജോലി ചെയ്യുന്ന വീട്ടമ്മക്ക് നാട്ടിലെത്താനാകുന്നില്ലെന്ന് പരാതി
കോട്ടയം: വിദേശത്ത് വീട്ടു ജോലിക്കുപോയ വീട്ടമ്മയായ യുവതി നാട്ടിലെത്താനാവാതെ ബുദ്ധിമുട്ടുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ഭാഗത്ത് താമസിക്കുന്ന പൂവണികുന്നേല്‍ കുട്ടപ്പായിയുടെ ഭാര്യ ഷീജ(32)യാണ് നാട്ടിലെത്താനാവാതെ വിഷമിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് ഷീജ റിയാദില്‍ പോയത്. മാസം 25000രൂപ ശമ്പളത്തില്‍ വീട്ടുജോലിക്കായി നാട്ടിലെ രണ്ട് ഏജന്റുമാരുടെ സഹായത്തോടെ മുംബൈയിലുള്ള ഒരു പ്രധാന ഏജന്‍സി വഴിയാണ് ഷീജ സഊദിയിലെത്തിയത്. എന്നാല്‍ പറഞ്ഞ ജോലിക്കല്ലായിരുന്നു ഇവരെ ഇവിടെ എത്തിച്ചതെന്ന് ചെന്നപ്പോഴാണ് മനസിലായത്. മാത്രമല്ല വീടിനുപകരം വലിയ ഒരുകെട്ടിടത്തിലെ ഒരുമുറിയില്‍ പൂട്ടിയിട്ടിരിക്കുയാണെന്നും ഭര്‍ത്താവ് കുട്ടപ്പായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൂടാതെ ദിവസവും അറബിമാര്‍ വന്ന് ഷീജയെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതായും ഇയാള്‍ പറഞ്ഞു. തന്നെ നാട്ടിലേക്ക് തിരച്ച് വിടണമെന്ന് പറഞ്ഞപ്പോള്‍ അറബി ഉപദ്രവിച്ചതായും പിന്നീട് ഒരുമുറിയില്‍ പൂട്ടിയിട്ടിരിക്കുയാണെന്നും ഭര്‍ത്താവ് പറഞ്ഞു.
ഇടയ്ക്ക് അസുഖം ബാധിച്ച ഷീജയെ അറബി സഊദിയിലെ ആശുപത്രിയിലാക്കിയപ്പോള്‍ ഇവിടെകണ്ട ഒരു മലയാളിയോട് തന്നെ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതേസമയം നാട്ടിലുള്ള ഒരു സുഹൃത്ത് വഴി ഷീജയുടെ അറബിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 25,000 റിയാലിനാണ് ഷീജയെ താന്‍ വാങ്ങിയതെന്നാണ് പറഞ്ഞത്. ഇത് നല്‍കിയാല്‍ തിരിച്ചുവിടാം. ഇന്ത്യന്‍ രൂപ എതാണ്ട് രണ്ട്‌ലക്ഷം രൂപ വരുമെന്നതിനാല്‍ കൂലിപ്പണിക്കാരനായ തനിക്ക് അതിനു സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നു ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വരെ ഫോണില്‍ വിളിച്ചിരുന്ന ഷീജയുമായി ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഇവര്‍ക്ക് സ്വന്തമായി ഒരു വീടോ ഒരു സെന്റ് ഭുമിയോ ഇല്ല. ബന്ധുവീട്ടിലാണ് താമസം. അശ്വതി, ആതിര, അജേഷ് എന്നിവരാണ് മക്കള്‍. വിദേശകാര്യമന്ത്രിക്കും, മുഖ്യമന്ത്രിക്കും, എംപിക്കും, ഇന്ത്യന്‍ എംബസിക്കും, സഊദി എംബസിക്കും, കാഞ്ഞിരപള്ളി സ്‌റ്റേഷനിലും അടക്കം പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."