അഞ്ചടിയില്‍ കൊമ്പുകുത്തി
മുംബൈ: ടൂര്‍മെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുടെ കോട്ട കൊത്തളങ്ങളിലേക്ക് മുംബൈ സിറ്റി എഫ്.സി ദയാദാക്ഷിണ്യമില്ലാതെ ഫോര്‍ലാന്റെ നേതൃത്വത്തില്‍ പട നയിച്ചപ്പോള്‍ അഞ്ചു ഗോളില്‍ മുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് കൊമ്പുകുത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ സീസണിലെ ഏറ്റവും വലിയ വിജയ മാര്‍ജിനില്‍ ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം മണ്ണില്‍ തൂത്തെറിഞ്ഞ് മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഡീഗോ ഫോര്‍ലന്‍ സീസണിലെ ആദ്യ ഹാട്രിക്കുമായി പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ ശേഷിച്ച ഗോളുകള്‍ കഫു, ഗോയിന്‍ എന്നിവരും നേടി. കളിയുടെ ഒരു ഘട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലില്ലായിരുന്നു. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകളാണ് കേരളത്തിന്റെ കൊമ്പന്‍മാര്‍ വഴങ്ങിയത്.
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ മുംബൈ നയം വ്യക്തമാക്കി മുന്നിലെത്തി. ഡെഫഡറിക്കോ ചിപ്പ് ചെയ്ത പന്തിനായി കുതിച്ചെത്തിയ ഡീഗോ ഫോര്‍ലാന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കാനെ കബളിപ്പിച്ച് പന്ത് വലയിലാക്കി. തുടക്കം അവിടെയായിരുന്നു. കളം നിറയുന്ന ഫോര്‍ലാനായിരുന്നു പിന്നീട്. നിരന്തരം അക്രമണം അതിനെല്ലാം മുന്നില്‍ നിന്നത് മുന്‍ ഉറുഗ്വെന്‍ താരം തന്നെ. ഒന്‍പത് മിനുട്ട് പിന്നിട്ടപ്പോള്‍ 14ാം മിനുട്ടില്‍ ഫോര്‍ലാന്‍ വീണ്ടും. സുന്ദരമായൊരു ഫ്രീ കിക്കിലൂടെ പന്ത് വലയില്‍. രണ്ടു ഗോള്‍ വഴങ്ങിയ കേരളം തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. തുടരന്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ വന്നില്ലെന്നു മാത്രം.
രണ്ടാം പകുതിയില്‍ തിരിച്ചു വരുമെന്നു കരുതിയവരെ പാടെ നിരാശപ്പെടുത്തുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. 51ാം മിനുട്ടില്‍ മുംബൈയ്ക്കനുകൂലമായി ഫ്രീ കിക്ക്. കിക്കെടുത്ത ഫോര്‍ലാന്‍ ഗോള്‍ ലക്ഷ്യമാക്കി പായിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് അതു പുറത്തേക്ക്. പ്രതിക് ചൗധരിക്ക് പകരം വന്ന ഹവോകിപിന്റെ ഒറ്റയാന്‍ ആക്രമണം പിന്നാലെ വന്നെങ്കിലും കണക്ട് ചെയ്യാന്‍ കേരളത്തിന്റെ നിരയില്‍ നിന്നു ആരുമുണ്ടായില്ല. 62ാം മിനുട്ടില്‍ കേരളത്തിനനുകൂലമായി ഗോളവസരം വന്നെങ്കിലും മലയാളി താരം സി.കെ വിനീതിനു അവസരം മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ഫോര്‍ലാന്‍ ഹാട്രിക്കിലൂടെ മുംബൈയുടെ ഗോള്‍ നില മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ഹെഡ്ഡ് ചെയ്ക് ക്ലിയര്‍ ചെയ്യാനുള്ള ജിങ്കാന്റെ ശ്രമം പാളി. പന്ത് ലഭിച്ചത് കഫുവിന്. താരം നേരെ ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്ന ഫോര്‍ലാനിലേക്ക് പന്ത് കൈമാറി. മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതെ സ്വതന്ത്രനായി നിന്ന ഫോര്‍ലാന്‍ പന്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലിനിടയിലൂടെ വലയിലേക്കിട്ടു. 67ാം മിനുട്ടില്‍ ഫോര്‍ലാനെ പിന്‍വലിച്ച് കാര്‍ഡോസോയെ മുംബൈ കളത്തിലിറക്കി. അതൊന്നും അവരുടെ ആക്രമണത്തെ ബാധിച്ചില്ല. ആറു മിനുട്ടിനുള്ളില്‍ നാലാം ഗോളും വന്നു. ഇത്തവണ കഫുവായിരുന്നു സ്‌കോറര്‍. ഡെഫഡറിക്കോ നല്‍കിയ പാസില്‍ നിന്നാണ് ബ്രസീല്‍ യുവ താരം ഗോള്‍ കണ്ടെത്തിയത്. മുംബൈ അവിടെയും നിര്‍ത്തിയില്ല. 73ാം മിനുട്ടില്‍ അടുത്ത പ്രഹരം. ഇത്തവണ ലുസിയന്‍ ഗോയിനായിരുന്നു സ്‌കോറര്‍. ഡെഫഡറിക്കോ തന്നെ ഈ ഗോളിനും അവസരം നല്‍കി.
അഞ്ചു ഗോളുകള്‍ വഴങ്ങി നാണംകെട്ട ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളെങ്കിലും മടക്കുമെന്നു കരുതിയെങ്കിലും അതൊന്നും മുംബൈയുടെ മുന്നില്‍ വിലപ്പോയില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികവോടെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് സംഘം ഇത്തവണ വട്ടപ്പൂജ്യമാകുന്ന കാഴ്ചയായിരുന്നു മുംബൈയിലെ ഫുട്‌ബോള്‍ അരീനയില്‍. സെമി പ്രതീക്ഷകള്‍ കാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമെന്ന അവസ്ഥയിലാണ് കേരള ടീം ഇന്നലെ പോരിനിറങ്ങിയത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിനു ചിന്തിക്കേണ്ടതില്ലെന്നു ചുരുക്കം.
തോല്‍വിയോടെ മൂന്നാം സ്ഥാനത്തു നിന്നു ബ്ലാസ്റ്റേഴ്‌സ് നാലിലേക്കിറങ്ങി. ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി എഫ്.സി പൂനെ സിറ്റി മൂന്നിലേക്ക് കയറി. 12 മത്സരങ്ങളില്‍ നിന്നു നാലാം വിജയം കുറിച്ച് 19 പോയിന്റുമായി മുംബൈ സിറ്റി എഫ്.സി ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."