സര്‍ക്കാര്‍ ഉത്തരവ് തിരിച്ചടിയാകുന്നു
മാനന്തവാടി: ചെറുകിട കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് ആരോപണം. മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെയും ഒന്നര ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരെയുമാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇതിനാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സ്വന്തമായി പത്ത് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ചെറുകിട നാമമാത്ര പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കിയിരുന്നത്. ജില്ലയില്‍ പതിനായിരത്തിലധികം പേര്‍ക്ക് ഇതുപ്രകാരം പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നേരത്തെ പ്രതിമാസം 600 രൂപയായിരുന്നത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1000 രൂപയാക്കി ഉയര്‍ത്തുകയും ആദ്യഗഡു വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കി വരുന്ന പദ്ധതി പ്രകാരമുള്ള ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ലിസ്റ്റ് പുനക്രമീകരണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ മാസം ഏഴിനാണ് ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് ഡയരക്ടര്‍ക്ക് നല്‍കിയത്. പുതിയ നിര്‍ദേശത്തില്‍ പദ്ധതി അര്‍ഹര്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കൂടിയ വരുമാനം പാടില്ലെന്നും സര്‍ക്കാരില്‍ നിന്നുമുള്ള മറ്റു ക്ഷേമപെന്‍ഷനുകള്‍ വാങ്ങിക്കരുതെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ അഞ്ചേക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകന്‍ കൃഷിയിലൂടെ വരുമാനമില്ലെങ്കില്‍ കൂടി റവന്യു വകുപ്പില്‍ നിന്നും ഇത്തരം വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുന്നത് പ്രായോഗികമല്ലെന്നാണ് ആരോപണം. അതോടൊപ്പം ആധാര്‍ കാര്‍ഡുമായി പെന്‍ഷന്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശവുമുണ്ട്.
പുതിയ നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായാല്‍ നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ നിന്നും നല്ലൊരു ശതമാനം പേരും പട്ടികക്ക് പുറത്താവും. പെന്‍ഷന്‍ പറ്റുന്നവര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് മറ്റു വരുമാന മാര്‍ഗമില്ലെന്ന് കണ്ടെത്തിയാല്‍ പെന്‍ഷന്‍ തുടര്‍ന്നും നല്‍കാമെന്ന അനുകൂല ഘടകമൊഴിച്ചാല്‍ നിലവിലെ കര്‍ഷകരെ ദോശകരമായി ബാധിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."