റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ ശമ്പളവര്‍ധനവ്; ഉത്തരവ് നടപ്പായില്ല
മാനന്തവാടി: ശമ്പളം വര്‍ധിപ്പിച്ച ധനകാര്യ വകുപ്പ് ഉത്തരവ് നടപ്പാക്കാത്തത് സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ 18 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരാണ് ദുരിതത്തിലായിരിക്കുന്നത്.
എല്‍.പി, യു.പി വിഭാഗം അധ്യാപകര്‍ക്ക് 15000 രൂപയും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 17000 രൂപയും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 19000 രൂപയുമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ശമ്പള പരിഷ്‌കരണം നിലവില്‍ വന്നതോടെ ജനറല്‍, എയ്ഡഡ് സ്‌കൂളിലെയും എം.ആര്‍.എസ് സ്‌കൂളുകളിലെ കുക്ക്, ആയ, ഗാര്‍ഡനര്‍ എന്നീ താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചപ്പോഴും അധ്യാപകര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കിയിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ ജി.ഒ.282016 നമ്പര്‍ ആയി അധ്യാപകരുടെ ശമ്പളം യഥാക്രമം 26000, 29200, 39000 ആയി വര്‍ധിപ്പിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാകാത്തതിനാല്‍ പഴയ നിരക്കിലുള്ള ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. മറ്റ് സ്‌കൂളുകളിലെ അധ്യാപകരെ അപേക്ഷിച്ച് ഇവര്‍ക്ക് ജോലി ഭാരവും കൂടുതലാണ്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുള്ളതിനാല്‍ അധ്യാപകര്‍ രാവിലെ എട്ടുമണി മുതല്‍ രാത്രി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുന്നത്. തുച്ഛമായ ശമ്പളത്തില്‍ നിന്ന് ഭക്ഷണം, വൈദ്യുതി ബില്ല്, മറ്റു ചെലവുകള്‍ എന്നിവക്ക് മാറ്റിവെക്കേണ്ടി വരികയാണ്.
വയനാട് ജില്ലയില്‍ തിരുനെല്ലി, കണിയാമ്പറ്റ, നൂല്‍പ്പുഴ, നല്ലൂര്‍നാട്, പൂക്കോട് സ്‌കൂളുകളിലായി 50 ഓളം പേരാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഉത്തരവ് നടപ്പിലാകാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പട്ടികവര്‍ഗ വകുപ്പിന്റെ അനുമതി കൂടി ലഭിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.
അതേ സമയം ജൂലൈയില്‍ ആരംഭിച്ച കരാര്‍ മാര്‍ച്ചില്‍ അവസാനിക്കുന്നതിനാല്‍ വര്‍ധിപ്പിച്ച ശമ്പളം ലഭിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍. ഒരു അധ്യയന വര്‍ഷത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."