ശരീഅത്ത് സംരക്ഷണ സമ്മേളനം നാളെ എറണാകുളത്ത്
കൊച്ചി: ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകസിവില്‍ കോഡിനെതിരെ നാളെ എറണാകുളത്ത്്് ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും നടത്തും. പൗരന്റെ അവകാശങ്ങളെ ഉന്മൂലനം ചെയ്യാനും മതനിരപേക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ ഹനിക്കാനുമാണ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ സമാപിക്കും. വൈകിട്ട് നാല് മണിയ്ക്ക് മറൈന്‍ഡ്രവില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എറണാകുളം ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കും. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഡോ. ഷക്കീല്‍ അഹമ്മദ് സമദാനി മുഖ്യപ്രഭാഷണം നടത്തും.
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.എല്‍.എമാരായ ടി.എ. അഹമ്മദ് കബീര്‍, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, കെ.ജെ. മാക്‌സി, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരികളായ കുഞ്ഞുമുഹമ്മദ് മൗലവി, പൊന്നുരുന്നി, പി.കെ. സുലൈമാന്‍ മൗലവി, കണ്‍വീനര്‍ അഡ്വ.കെ.കെ. കബീര്‍, വൈസ് ചെയര്‍മാന്‍ റസാഖ് പൊന്നുരുന്നി എന്നിവര്‍ പങ്കെടുത്തു.
ശീഅത്ത് സംരക്ഷണറാലിയിലും പൊതുസമ്മേളനത്തിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസിയും ജനറല്‍ സെക്രട്ടറി ഇ.എസ്. ഹസന്‍ ഫൈസിയും പ്രസ്താവനയിലൂടെ അറിയിച്ചു.
മൗലീകാവകാശങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഏക സിവില്‍കോഡ്. ഇതുവഴി മുസ്‌ലിം ശരീഅത്ത് നിയമങ്ങള്‍ അസാധുവാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് സാമുദായിക ഐക്യം തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുള്ള ശ്രമവും കൂടിയാണ്. ഇത്തരം കൈകടത്തലുകളില്‍ പൊതുജനം ഒറ്റയ്‌ക്കെട്ടായി പ്രതിഷേധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."