കഞ്ചാവുവില്‍പന; അധികൃതര്‍ നടപടിഎടുക്കുന്നില്ലെന്ന് സര്‍വകക്ഷിയോഗം
അലനല്ലൂര്‍: അലനല്ലൂര്‍ ടൗണിലും ഗവ. ഹൈസ്‌കൂള്‍ പരിസരത്തും വ്യാപകമായിക്കൊണ്ടിരിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പനസംഘങ്ങള്‍ക്കെതിരേ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് സര്‍വകക്ഷി ഭാരവാഹികള്‍ ആരോപിച്ചു. നിരവധി തവണ പ്രശ്‌നം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രദേശവാസികളുടെ സൈ്വരജീവിതത്തിന് വരെ ഭീഷണിയായതിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം സര്‍വകക്ഷി, യുവജന സംഘടനകള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, ഓട്ടോ-ചുമട്ട് തൊഴിലാളിസംഘടനകള്‍ യോഗം ചേര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ഇന്നേ വരെ ഒരു നടപടിയും കൊകൊള്ളാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
പലപ്പോഴും വില്‍പ്പനകാരെ പിടികൂടിയെങ്കിലും നടപടിയെടുക്കാനാവശ്യമായ അളവില്‍ ലഹരി വസ്തുക്കളില്ലെന്നതിന്റെ പേരില്‍ വിട്ടയക്കുകയാണ് പതിവെന്ന് പറയുന്നു. ഇത് ലഹരി വില്‍പ്പനക്കര്‍ക്ക് ഏറെ പ്രചോതനമാണ്. ഇതിന്റെ ഭാഗമായി 26ന് സര്‍വകക്ഷികമ്മറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ കാവ് മുതല്‍ എന്‍.എസ്.എസ് സ്‌കൂള്‍വരെ ബോധവല്‍ക്കരണ സ്‌ക്വാര്‍ഡ് പ്രവര്‍ത്തനവും ലഘുലേഖാ വിതരണവും നടത്തും.
കൂടാതെ പഞ്ചായത്ത് ഓഫിസ്, ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനും, പ്രചാരണം നടത്താനും പഞ്ചായത്ത് ജങ്ഷനില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ടൗണില്‍ രാത്രി പൊലിസ് പെട്രോളിങ് ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവരെ പാര്‍ട്ടികള്‍ സംരക്ഷിക്കില്ലെന്നും ഇത്തരം വസ്തുക്കള്‍ വില്‍പന നടത്തുന്ന കച്ചവടക്കാരുടെ ലൈസന്‍സുകള്‍ റദ്ദു ചെയ്യുന്നതിനായി ആരോഗ്യ-പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകക്ഷി പ്രതിനിധികളായ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ റഷീദ് ആലായന്‍, എന്‍. ഉമ്മര്‍ഖത്താബ്, പഞ്ചായത്തംഗം കെ. മോഹന്‍ദാസ്,വ്യാപരി യൂനിറ്റ് പ്രസിഡന്റ് കെ. ലിയാഖത്തലി, എ. രാമകൃഷ്ണന്‍, ടോമി തോമസ്, കെ. തങ്കച്ചന്‍, എന്‍. ഫൈസല്‍, നവാസ് ചോലയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."