ഉദയഗിരിയില്‍ അനധികൃത ക്വാറിക്കെതിരേ നാട്ടുകാര്‍
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് മണിയങ്ങാട്ടുമലയില്‍ അനധികൃത പാറപൊട്ടിക്കല്‍ സജീവം. നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് സ്വകാര്യ വ്യക്തി പാറ പൊട്ടിച്ച് കടത്തുന്നത്.
പ്രദേശവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നീര്‍ചോലക്ക് സമീപത്താണ് മണ്ണു നീക്കം ചെയ്ത് കരിങ്കല്‍ ഖനനം നടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പു തന്നെ വാഹനങ്ങള്‍ കടന്നു പോകുന്നതിനായി റോഡ് നിര്‍മിച്ചതിനു ശേഷമാണു പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍ത്താതെയുള്ള സ്‌ഫോടന ശബ്ദം കേട്ടതോടെയാണ് സമീപവാസികള്‍ പോലും പാറ പൊട്ടിക്കുന്ന വിവരം അറിയുന്നത്.
അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് പാറ പൊട്ടിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തയാറായത്. 60 ഏക്കറോളം ഭൂമി സ്വന്തമായുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോടു ചേര്‍ന്ന് റവന്യൂ ഭൂമിയിലാണ് പാറപൊട്ടിക്കല്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനം തടഞ്ഞതിനു ശേഷവും ഇവിടെ പാറ പൊട്ടിക്കല്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."