എയര്‍പോര്‍ട്ടിലെത്തിയ അമ്മയ്ക്കും മകള്‍ക്കും എസ്.ഐയുടെ പീഡനം; എസ്.പി.ക്ക് പരാതി
ആലുവ: എയര്‍പോര്‍ട്ടിലെത്തിയ കുടുംബത്തിന് നെടുമ്പാശ്ശേരി എസ്.ഐ.യുടെ പീഡനമെന്ന് റൂറല്‍ എസ്.പിക്ക് പരാതി. കോട്ടയം വൈക്കം വൈഗ പ്രയാര്‍ അഞ്ജനം വീട്ടില്‍ സുജാതന്‍, ഭാര്യ ഹരിത, മകള്‍ സിന്ധു എന്നിവരെയാണ് എയര്‍പോര്‍ട്ടില്‍ എസ്.ഐ. മാനസികമായി പീഡിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ടിലെത്തുന്ന മകള്‍ സിന്ധുവിനെ കൂട്ടിക്കൊണ്ടു വരാനായി വ്യാഴാഴ്ച രാവിലെ 8.30 നാണ് ഇവര്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇവര്‍ വാഹനവുമായി വിമാനത്താവളത്തിന് പുറത്തു നില്‍ക്കുമ്പോഴാണ് നെടുമ്പാശ്ശേരി എസ്.ഐ. നോബിളിന്റെ നേതൃത്വത്തില്‍ പൊലിസ് വാഹനമെത്തി, ഇവരോട് വാഹനം നീക്കിയിടാന്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഇവര്‍ വാഹനവുമായി എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടക്കവെയാണ് എസ്.ഐ വീണ്ടും ഇവര്‍ക്ക് സമീപമെത്തി അസഭ്യം പറഞ്ഞത്. ഭര്‍ത്താവിനെ അസഭ്യം പറയുന്നതൊഴിവാക്കണമെന്നാവശ്യപ്പെട്ട ഹരിതയേയും, നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ കടുത്ത ഭാഷയില്‍ എസ്.ഐ അസഭ്യവര്‍ഷം ചൊരിഞ്ഞത്. ഇതിന്ശേഷം എസ്.ഐ വാഹനത്തിന്റെ ബുക്കും, പേപ്പറും അടക്കം ബലമായി വാങ്ങിയശേഷം, ഇവരെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, എസ്.ഐ.യുടെ നിര്‍ദേശപ്രകാരം അമ്മയുടേയും, മകളുടേയും വീഡിയോ എടുക്കുകയും ചെയ്തതായി ഇവര്‍ റൂറല്‍ എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതിന്ശേഷം ഏറെ വൈകിയാണ് ഇവരെ പൊലീസ് വിട്ടയച്ചത്. സുജാതന്റെ ലൈസന്‍സ് തിരിച്ച് നല്കുവാനും എസ്.ഐ തയ്യാറായില്ലെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."