ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ്: സിന്ധുവും സമീറും ഫൈനലില്‍
ഹോങ്കോങ്: ചൈന ഓപണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയതിനു പിന്നാലെ ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേത്രി പി.വി സിന്ധു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും ഫൈനലിലെത്തിയത് ഇന്ത്യക്ക് ഇരട്ട നേട്ടത്തിനുള്ള അവസരം ഒരുക്കി.
സെമിയില്‍ ഹോങ്കോങ് താരം ചിയുങ് നാന്‍ യിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിനു അര്‍ഹയായത്. രണ്ടു സെറ്റ് മാത്രം നീണ്ട മത്സരം അനായാസമായാണ് സിന്ധു സ്വന്തമാക്കിയത്. സ്‌കോര്‍: 21- 14, 21- 16. ആദ്യ സെറ്റ് കേവലം 18 മിനുട്ടിനുള്ളില്‍ തീര്‍ത്ത സിന്ധു രണ്ടാം സെറ്റ് 28 മിനുട്ടിലും അവസാനിപ്പിച്ചാണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കിയത്.
സീസണില്‍ സിന്ധു മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലിലേക്കാണ് മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ കരോലിന്‍ മരിനെ അട്ടിമറിച്ചെത്തിയ തായ്‌വന്‍ താരം തായ് സു യിങാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിള്‍സ് സെമിയില്‍ ദേശീയ ചാംപ്യനായ സമീര്‍ വര്‍മ ഡെന്‍മാര്‍കിന്റെ ലോക മൂന്നാം നമ്പര്‍ താരം ജോര്‍ഗെന്‍സനെ അട്ടിമറിച്ചാണ് കരിയറിലെ ആദ്യ സൂപ്പര്‍ സിരീസ് ഫൈനലിന് അര്‍ഹനായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സമീറിന്റെ വിജയം.
മുക്കാല്‍ മണിക്കൂര്‍ നീണ്ട മത്സരത്തിലെ ആദ്യ സെറ്റ് സമീര്‍ വിയര്‍പ്പൊഴുക്കാതെ നേടിയെങ്കില്‍ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. സ്‌കോര്‍: 21- 19, 24- 22.
നേരത്തെ ലോക ഒന്നാം നമ്പര്‍ താരവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേത്രിയുമായ സ്‌പെയിനിന്റെ കരോലിന്‍ മരിന്‍ സെമിയില്‍ പുറത്തായിരുന്നു. തായ്‌വന്‍ താരം തായ് സു യിങാണ് കരോലിന്‍ മരിനെ അട്ടിമറിച്ചത്. സ്‌കോര്‍: 21-17, 14-21, 21-16. 2016 സീസണില്‍ ഒരു സൂപ്പര്‍ സീരീസ് കിരീടവും സ്വന്തമാക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."