കേന്ദ്രസേന നാട്ടിലേക്ക് മടങ്ങി; കേരളം ഇഷ്ടപ്പെട്ടെന്നു സേനാംഗങ്ങള്‍
കാളികാവ്: തെരഞ്ഞെടുപ്പു ചുമതലക്കു നിയോഗിച്ച കേന്ദ്രസായുധ സേനാംഗങ്ങള്‍ വെള്ളിയാഴ്ച മടങ്ങി. സി.ആര്‍.പി.എഫ്, ബി.എസ്.എഫ് സേനാംഗങ്ങളാണു തെരഞ്ഞെടുപ്പു ചുമതലക്കുണ്ടായിരുന്നത്.
ഇരു സേനാ വിഭാഗങ്ങളും തുടര്‍ച്ചയായി മൂന്നു മാസം സേവനമനുഷ്ടിച്ചവരാണ്. ജാര്‍ഖണ്ഡിലെ ബേസിക്ക് ക്യാമ്പില്‍ നിന്നു മാര്‍ച്ച് ഒന്നിനു പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു സുരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട സംഘം മെയ് അഞ്ചു വരെ നടന്ന വോട്ടെടുപ്പില്‍ പശ്ചിബംഗാളില്‍ സേവനമനുഷ്ടിച്ചു. മെയ് അഞ്ചിനുള്ള ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പ് കൊല്‍ക്കത്തയില്‍ നിന്ന് സേനാ അംഗങ്ങള്‍ കേരളത്തിലേക്കു തിരിച്ചു.
സംസ്ഥാനത്തു മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും മുമ്പുസേനയെ കേരളത്തിലേക്ക് നിയോഗിച്ചത്. മെയ് ഒന്നിന് തന്നെ സേവനം ലഭ്യമാക്കുന്നതിന് വിമാനമാര്‍ഗമാണു സേനയെ കൊല്‍ക്കത്തയില്‍ നിന്നു നെടുമ്പാശ്ശേരിയിലെത്തിച്ചത്.
ഒരു ദിവസം പോലും വിശ്രമമില്ലാതെ സേവനമനുഷ്ടിച്ചതിന്റെ പ്രയാസങ്ങളും വിഷമങ്ങളും പുറത്തു കാണിക്കാതെ സേനാംഗങ്ങള്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു. 20 ദിവസത്തെ സേവനം കഴിഞ്ഞ് വെള്ളിയാഴ്ച സേനാ അംഗങ്ങള്‍ മടങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളും തീരദേശങ്ങളിലും കണ്ണൂരിലുമാണു സായുധ സേനയെ വിന്യസിപ്പിച്ചിരുന്നത്. ഫലപ്രഖ്യാപന ദിവസവും അക്രമ സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സേനയുടെ സാന്നിധ്യം ഗുണം ചെയ്തു.
വിമാനത്തിലാണ് വന്നതെങ്കിലും തിരിച്ച് പോക്ക് ട്രെയ്ന്‍ മാര്‍ഗമാണ്. വെള്ളിയാഴ്ച ക്യാമ്പുകളില്‍ നിന്നു പുറപ്പെട്ടു പാലക്കാടു നിന്ന് ട്രെയ്‌നില്‍ മടങ്ങി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മലയാളികളുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും കുഴപ്പങ്ങള്‍ സൃഷ്ടിക്കാത്ത സ്ഥിതിഗതികളും സേനാ അംഗങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. ജീവിതത്തിലാദ്യമായി നാളികേരം കാണാന്‍ അവസരം കിട്ടിയതുള്‍പ്പെടെ സംസ്ഥാനത്തു സേവനം ചെയ്യാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമായിട്ടാണ് ഇവര്‍ കാണുന്നത്. ഹിന്ദി മാത്രം സംസാരിക്കുന്ന സേനാംഗങ്ങള്‍ക്കു നാട്ടുകാരും ഉഷ്മളമായ യാത്രയയപ്പ് നല്‍കി. പശ്ചിമ ബംഗാളിനെ അപേക്ഷിച്ചു വളരെ സമാധാനപരമായിട്ടാണ് സേവനം അനുഷ്ടിച്ചതെന്നും വിനോദയാത്ര പോലെയാണു കേരളത്തിലെ സേവനം അനുഭവപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."