സേനയുടെ ആത്മവീര്യം നഷ്ടപ്പെടുത്തരുതെന്ന് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: രാജ്യസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പൊലിസുകാരുടെ ആത്മവീര്യം നഷ്ടപ്പെടുത്തരുതെന്ന് കേരളാ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ പ്രമേയം.
അസോസിയേഷന്‍ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തിലാണു പ്രമേയം അവതരിപ്പിച്ചത്. നിലമ്പൂര്‍ വനമേഖലയില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തിന്റെ യഥാര്‍ഥവശം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മജിസ്റ്റീരിയല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ട സര്‍ക്കാരിന്റേയും സംസ്ഥാന പൊലിസ് മേധാവിയുടെയും നടപടി സ്വാഗതാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. കാടുകള്‍ കേന്ദ്രീകരിച്ച് അതിതീവ്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാനാണ് തണ്ടര്‍ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചത്. പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വനമേഖലകളില്‍ നടത്തിവന്ന തിരച്ചിലുകള്‍ക്കിടയില്‍ നിരവധി തവണ പൊലിസിനുനേരേ വെടിയുതിര്‍ക്കുന്ന സാഹചര്യമുണ്ടായി.
രൂപേഷിനേയും കൂട്ടാളിയേയും ജീവനോടെ പിടികൂടിയതുപോലെ മറ്റുള്ളവരേയും ജീവനോടെ പിടികൂടുകയെന്നതു തന്നെയാണ് പൊലിസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ നവംബര്‍ 24ന് നിലമ്പൂര്‍ കാടുകളില്‍ പൊലിസിനുനേരേ വെടിയുതിര്‍ത്തപ്പോള്‍ തിരികെ വെടിവെയ്‌ക്കേണ്ട സാഹചര്യമാണുണ്ടായത്. ആയുധമെടുത്തു പോരാട്ടം തുടങ്ങിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ദൗത്യം ഏറ്റെടുത്തവരെ അഭിനന്ദിക്കാന്‍ തയാറായില്ലെങ്കിലും രാജ്യദ്രോഹികളായി ചിത്രീകരിക്കരുതെന്ന അഭ്യര്‍ഥനയോടെയാണു പ്രമേയം അവസാനിക്കുന്നത്. ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."