കംപ്യൂട്ടര്‍ കില്ലര്‍
കംപ്യൂട്ടര്‍ വൈറസുകളെ കുറിച്ചു കേള്‍ക്കാത്തവരുണ്ടായിരിക്കില്ല. അവയുടെ പേരിനേയോ പ്രവര്‍ത്തനത്തേയോ കുറിച്ച് അത്രയൊന്നും അറിയില്ലെങ്കിലും-
കംപ്യൂട്ടറുകളുടെ നിശബ്ദ കൊലയാളികളാണ് വൈറസുകള്‍. അവ വരുത്തിവയ്ക്കുന്ന വിപത്തുകള്‍ വന്‍തോതിലാണ്.
എന്താണ് വൈറസ്
കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ഉണ്ടാക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളാണ് വൈറസുകള്‍. ഇവ നമ്മളറിയാതെ കംപ്യൂട്ടറുകളിലേക്കു പ്രവേശിക്കാനും വ്യാപിക്കാനും കഴിവുള്ളവയാണ്.
പേരു വന്നതെങ്ങനെ
VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കമാണ്.വിഷം എന്നാണ് ലാറ്റിന്‍ ഭാഷയില്‍ ഇതിനര്‍ഥം. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങളില്‍ രോഗം പരത്തുന്ന സൂക്ഷ്മാണുക്കളെ വൈറസ് എന്നു വിളിക്കുന്നതു പോലെ കംപ്യൂട്ടറിന്റെ സുഖമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഈ സൂക്ഷ്മ എഴുത്തുകള്‍ക്കും വൈറസ് എന്നുതന്നെ പേരിട്ടു.
കാരണം സ്വയം പെരുകാന്‍ കഴിവുള്ളവയാണ് രണ്ടു വിഭാഗത്തിലുംപെട്ട വൈറസുകള്‍.
മനുഷ്യരിലെ വൈറസ് രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. രോഗപ്രതിരോധ കുത്തിവയ്പ്പുകളാണ് പോംവഴി. കംപ്യൂട്ടര്‍ വൈറസുകളുടെ കാര്യവും അതുതന്നെ. മുന്‍കരുതലാണ് വേണ്ടത്. വൈറസ് വരുത്തിയ നഷ്ടങ്ങള്‍ പുന:സ്ഥാപിക്കുക പ്രയാസമാണ്.
പകരുന്ന വിധം
വൈറസുകള്‍ കംപ്യൂട്ടറുകളില്‍ കയറുന്നത് പ്രധാനമായും ഇന്റര്‍നെറ്റ് വഴിയാണ്. പരസ്യ രൂപത്തിലും ചിലസൈറ്റുകള്‍ വഴിയുമൊക്കെ അവ കയറിക്കൂടും. ഫ്‌ളോപി ഡിസ്‌ക്, സി.ഡി, യു. എസ്. ബി ഡ്രൈവ് എന്നിവയിലൂടെയും സിസ്റ്റത്തില്‍ പ്രവേശിക്കാം.
വന്ന വഴി
കംപ്യൂട്ടറുകളോളം പഴക്കമുള്ളതാണ് കംപ്യൂട്ടര്‍ വൈറസുകളുടേയും ചരിത്രം. 1960കളുടെ മധ്യത്തില്‍ ഗെയിമിന്റെ രൂപത്തില്‍ യൂണിവാക് 1108 എന്ന ഒരു പ്രോഗ്രാം വൈറസ് നിര്‍മിക്കപ്പെട്ടു. പക്ഷെ ഇവ സിസ്റ്റത്തെ ദോഷകരമായി ബാധിക്കാത്തതിനാല്‍ വൈറസ് എന്നു വിളിച്ചില്ല.
1971 ല്‍ അമേരിക്കക്കാരനായ ബോബ് തോമസ് ഉണ്ടാക്കിയ ക്രീപ്പര്‍ വേം എന്ന പ്രോഗ്രാം ആണ് ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ വൈറസായി അറിയപ്പെടുന്നത്. ഇന്റര്‍നെറ്റിന്റെ വരവോടു കൂടി വൈറസുകളുടെ വിളയാട്ടമായിരുന്നു.
പ്രധാന വൈറസുകള്‍
- എല്‍ക് ക്ലോണര്‍ -
1982 ല്‍ റിച്ചാര്‍ഡ് സ്‌ക്രെന്‍ എന്ന പതിനഞ്ചുകാരനാണ് ഇതു നിര്‍മിച്ചത്. ബൂട്ടിംഗ് നടന്നു കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു ചെറുകവിത തെളിഞ്ഞുവരുന്ന രൂപത്തിലായിരുന്നു ഇതിന്റെ നിര്‍മാണം. ഫ്‌ളോപ്പിയിലൂടെയായിരുന്നു മറ്റു കംപ്യൂട്ടറുകളിലേക്ക് പകര്‍ന്നിരുന്നത്. - ബ്രൈന്‍ വൈറസ്
- 1986 ല്‍ പാകിസ്ഥാനികളായ ബാസിത് അലവി, അജ്മദ് ഫറൂഖ് അലവി സഹോദരന്‍മാര്‍ ചേര്‍ന്നെഴുതിയ ബ്രൈന്‍ വൈറസാണ് ആധുനിക വൈറസിന്റെ തുടക്കക്കാരനായി കരുതുന്നത്. തങ്ങളുടെ മെഡിക്കല്‍ സോഫ്റ്റവെയര്‍ പകര്‍ത്താതിരിക്കാന്‍ നിര്‍മിച്ചതായിരുന്നു. പക്ഷേ ചിലര്‍ ഇതു മാറ്റി എഴുതി ഉപദ്രവകരമാക്കി.
- ജറൂസലേം 1987 ല്‍ ജറൂസലേം എന്നൊരു വൈറസ് പ്രത്യക്ഷപ്പെട്ടു. പതിമൂന്നാം തിയതി വെള്ളിയാഴ്ചയായി വരുന്ന ദിവസങ്ങളില്‍ ആക്രമണം നടത്തുക എന്നതായിരുന്നു വൈറസിന്റെ പ്രത്യേകത.
- മോറിസ് വേം ഇന്റര്‍നെറ്റു വഴി പടര്‍ന്ന ആദ്യ വൈറസാണ് മോറിസ് വേം. 1988 ലായിരുന്നു ഇത്. ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന റോബര്‍ട്ട് ടാപന്‍ മോറിസ് ആയിരുന്നു ഇതിനു പിന്നില്‍. അക്കാലത്തെ പത്തു ശതമാനം കമ്പ്യൂട്ടറുകളെ ഇതു ബാധിച്ചു.
- മെലിസ ഇ മെയില്‍ വഴി പരത്തുന്ന വൈറസുകളില്‍ ഏറ്റവും നാശകാരിയായിരുന്നു മെലിസ. 1999 ലാണ് ഇറങ്ങിയത്. Important message from എന്നെഴുതിയായിരുന്നു മെലിസ പ്രചരിച്ചത്. ഇതിന്റെ പല പതിപ്പുകളും തുടര്‍ന്നു വരികയുണ്ടായി. ഡേവിഡ് എല്‍ സ്മിത്ത് ആയിരുന്നു ഇതിന്റെ പിതാവ്.
- ഐ ലവ് യു 2000ല്‍ ഇറങ്ങിയ വൈറസാണിത്. ഇ മെയിലുകളുടെ യൂസര്‍നെയിമും പാസ് വേര്‍ഡും വൈറസ് നിര്‍മാതാവിന് എത്തിച്ച് കൊടുക്കുന്ന രീതിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. ഏകദേശം 80 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഐ ലവ് യു വൈറസ് വരുത്തി വച്ചു. ഇതിനിന്ന് ലവ് ബഗ് എന്നും പേരുണ്ട്.
- മൈ ദൂം ലോകത്തെ 30 ശതമാനം ഇ മെയിലുകളെ ബാധിച്ച വൈറസാണ് മൈ ദൂം. 2004 ലാണ് ഇതു സൃഷ്ടിക്കപ്പെട്ടത്. നെറ്റുവര്‍ക്കുകളെ ബ്ലോക്ക് ചെയ്യുകയും സെര്‍വറുകളെ ഓവര്‍ലോഡിലാക്കുകയും ചെയ്യുകയാണുണ്ടായത്.
രണ്ടായിരമാണ്ട് കംപ്യൂട്ടര്‍ വൈറസുകളുടെ ചാകരകാലമായിരുന്നു. ഹോം പേജ് വൈറസ്, കോഡ്‌റെഡ് വേമുകള്‍, ക്ലസ് വേം, നിംഡ, സോബിക്, ബ്ലാസ്റ്റര്‍ വേം തുടങ്ങി എണ്ണിക്കണക്കാകാനാവാത്തത്രയും വൈറസുകള്‍ ഇക്കാലയളവില്‍ നിര്‍മിക്കപ്പെട്ടു.
വൈറസുകള്‍ വിവിധ തരം ആഡ്‌വെയറുകള്‍
ബ്രൗസിംഗ് സമയത്ത് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വൈറസുകളാണ് ആഡ്‌വെയറുകള്‍. ഇവ നിരുപദ്രവകാരികളെങ്കിലും നമ്മുടെ സമയ നഷ്ടത്തിന് പലപ്പോഴും ഇവ ഇടവരുത്താറുണ്ട്.
ബോട്ട്‌നെറ്റ്
ദൂരെയിരുന്ന് കംപ്യൂട്ടര്‍ നെറ്റുവര്‍ക്കുകളെ നിയന്ത്രിക്കാന്‍ പറ്റുംവിധം നിര്‍മിച്ചിരിക്കുന്ന വൈറസുകളാണ് ബോട്ട്‌നെറ്റ് എന്നറിയപ്പെടുന്നത്. ആ ശൃംഖലയില്‍ വരുന്ന കംപ്യൂട്ടറുകളുടെ വിവരങ്ങള്‍ ഇതിലൂടെ ചോര്‍ത്താനാവും.
സ്‌പൈവെയര്‍
ഉപയോക്താവിന്റെ പേഴ്‌സണല്‍ വിവരങ്ങള്‍ വൈറസ് നിര്‍മാതാവിന് എത്തിച്ച് കൊടുക്കുന്നവയാണ് സ്‌പൈവെയര്‍ വൈറസുകള്‍.
ട്രോജനുകള്‍
കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ താറുമാറാകുന്ന പ്രോഗ്രാമുകളാണിവ. ട്രോജന്റെ രൂപം അനുസരിച്ചായിരിക്കും കേടുപാടുകളുടെ വലിപ്പം ഉണ്ടാവുക.
ക്രൈംവെയര്‍
സിസ്റ്റം ഉപയോഗിക്കുന്നവരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളുടെ രേഖയും മോഷ്ടിക്കപ്പെടാവുന്ന രീതിയില്‍ എഴുതപ്പെട്ട വൈറസുകളാണിവ. ഐഡന്റിറ്റിയും പാസ്‌വേര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളുമൊക്കെ മോഷ്ടിക്കപ്പടാം.
വൈറസുകളെ കണ്ടെത്താം
- കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം അസാധാരണമാംവിധം സാവധാനത്തിലാവുക.
- അകാരണമായി സിസ്റ്റം സ്റ്റക്കാകുക, മോണിറ്റര്‍ ഇടക്കിടക്ക് സ്വയം ഓഫാവുക.
- റീബൂട്ടാവുക.
- ഡെസ്‌ക് ടോപ്പില്‍ പുതിയ ഫയലുകള്‍ പ്രത്യക്ഷപ്പെടുക.
- ഡിസ്‌ക് ഡ്രൈവുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക.
- ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങളുള്ള പോപ് അപ് വിന്‍ഡോകള്‍ തുടര്‍ച്ചയായി തുറന്നുവരിക.
എങ്ങനെ തുരത്താം
- സോഫ്റ്റ് വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സമയത്തുതന്നെ അപ്‌ഗ്രേഡ് ചെയ്യുക.
- ബ്രൗസിംഗ് ചെയ്യുമ്പോള്‍ സൈറ്റ് വിലാസം നേരിട്ട് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ വിശ്വസനീയ ബുക്കുമാര്‍ക്കുകള്‍ ഉപയോഗിക്കുക.
- https:എന്നതില്‍ നിന്നാണോ വെബ് വിലാസം ആരംഭിക്കുന്നതെന്ന് പരിശോധിക്കുക.
- ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വിശ്വാസ യോഗ്യമായ സൈറ്റുകളില്‍ നിന്ന് മാത്രം ചെയ്യുക.
- ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിവൈറസുകള്‍ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."