സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതു വ്യാജമല്ല; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം
തൃശൂര്‍: സംസ്ഥാനത്തു കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം സജീവമാകുന്നു. സോഷ്യല്‍ മീഡിയകളിലൂടെ നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനുകളെ സമീപിച്ചപ്പോള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നാളിതുവരെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം കേരളത്തില്‍ ഇല്ലെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം എറണാകുളം പള്ളിപ്പുറം സ്‌റ്റേഷനില്‍ കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സ്ത്രീ പൊലിസ് പിടിയിലായി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ പര്‍ദ ധരിച്ചെത്തിയ പുരുഷന്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോകാനും ശ്രമം നടത്തി. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം സജീവമാകുന്നു എന്നതിന്റെ തെളിവാണു സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍.
പള്ളിപ്പുറം സ്വദേശി മംഗലത്ത് പറമ്പില്‍ അന്‍വറിന്റെ അഞ്ചു വയസുള്ള മകളെയാണ് ആന്ധ്ര സ്വദേശിയായ സ്ത്രീ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടിയെ കൈയില്‍ പിടിച്ചു വലിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ത്രീയെ കൈയോടെ പിടികൂടി പൊലിസില്‍ എല്‍പ്പിക്കുകയായിരുന്നു. ആന്ധ്ര സ്വദേശിനി രംഗോളി(51)യാണു സംഭവുമായി ബന്ധപ്പെട്ടു പള്ളുരുത്തി പൊലിസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ രംഗോളിയെ റിമാന്‍ഡ് ചെയ്തു. അതേസമയം വടക്കാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്ത്രീവേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ സ്ത്രീവേഷധാരി മുല്ലപ്പൂവു വേണോ എന്നു ചോദിച്ചു കുട്ടിയെ ഓട്ടോറിക്ഷയുടെ അടുത്തേക്ക് വിളിച്ചു വരുത്തി ബലമായി ഓട്ടോറിക്ഷയിലേക്കു വലിച്ചു കയറ്റാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞു ബഹളമുണ്ടാക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ കടിക്കുകയും ചെയ്തു. ഇതിനിടയില്‍ അജ്ഞാതന്റെ വെപ്പു മുടി നിലത്തു വീണപ്പോഴാണു പുരുഷന്‍ വേഷം മാറിവന്നതാണെന്നു മനസിലായത്.
കുണ്ടന്നൂര്‍ വാലിയില്‍ സുരേന്ദ്രന്റെ മകളെയാണു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം ഉള്ളതായും പൊലിസ് പറഞ്ഞു. സംഭവം നടന്നെന്നു കുട്ടി പറയുന്ന സ്ഥലത്തു തട്ടി കൊണ്ടു പോകാനുള്ള സാധ്യത കുറവാണന്നു പൊലിസ് പറയുന്നു. എന്നാല്‍ ഇതിനു മുമ്പും വടക്കാഞ്ചേരിയില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. തന്റെ പെണ്‍മക്കളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നു പ്രദേശത്തുകാരനായ പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ പൊലിസിനെ അറിയിച്ചിരുന്നു.
അന്യസംസ്ഥാന നാടോടി സംഘങ്ങളാണ് ഇതിനു പിന്നിലെന്നു സൂചനയുണ്ട്. അതേസമയം ഭിക്ഷാടന മാഫിയയേയും സംശയമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വെ സ്റ്റേഷനുകളിലും ഭിക്ഷാടന മാഫിയ സജീവമാണ്.
പട്ടാമ്പി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ദിവസവും നിരവധി പേരാണ് ഇവിടെ നിന്നും ഭിക്ഷാടനത്തിനായി പുറപ്പെടുന്നത്. കുട്ടികളും ഈ സംഘത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."