നൊമ്പരങ്ങളിലൂടെ കടന്നുപോയ ജീവിതം ആത്മകഥയാക്കി കുഞ്ഞാവ
ബാലുശ്ശേരി: സമപ്രായക്കാരായ ഏതൊരു കുട്ടിയെക്കാളും തെളിച്ചത്തോടെ ജീവിതത്തെ നോക്കിക്കാണാനും അനുഭവങ്ങളെ അതേപടി വരച്ചുകാട്ടുകയുമാണ് ഭിന്നശേഷിക്കാരിയായ ഷാജിദ. വീട്ടുകാരുടെയും നാട്ടുകാരുടെയും കുഞ്ഞാവ. നൊമ്പരങ്ങളിലൂടെ കടന്നുപോയ ജീവിതാനുഭവങ്ങള്‍ വെറുതെ വിവരിക്കുകയല്ല മറിച്ച് ജീവിതത്തോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് പതിനഞ്ച് അധ്യായങ്ങളാക്കി എഴുതിയ തന്റെ ' വായിച്ചു തുടങ്ങിയ പുസ്തകം' എന്ന ആത്മകഥയിലൂടെ. പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മൂന്നുമാസം കൂടി ബാക്കി നില്‍ക്കെയുള്ള ജനനമാണ് ഷാജിദയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനുമുള്ള ശക്തി നഷ്ടമാക്കിയത്.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും മരുന്നുകളിലും ആശുപത്രി മുറികളിലും കഴിച്ചു കൂട്ടിയത് വിവരണാതീതമാണെന്ന് പറയുമ്പോഴും കുഞ്ഞാവയുടെ കണ്ണുകളില്‍ ദു:ഖത്തിന്റെ ലാഞ്ചന പോലുമില്ല. വാക്കര്‍ നിരക്കി നടന്നു നീങ്ങുമ്പോഴും ആത്മ വിശ്വാസത്തിന്റെ കരുത്ത് ഈ ഇളം കൈകള്‍ക്ക് ബലമേകുന്നു.പരിമിതികളും പോരായ്മകളും ഇല്ലാത്തവരായി ഈ ലോകത്ത് ആരുമുണ്ടായിരിക്കില്ലെന്ന ഷാജിദയുടെ ആത്മകഥയിലെ വാക്കുകള്‍ ജീവിതത്തെ പ്രസരിപ്പോടെ കാണുന്നതിന്റെ ദൃഷ്ടാന്തമാണ്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഷാജിദ നടത്തിയ പ്രസംഗത്തിലുടനീളം ഇത് വ്യക്തമായിരുന്നു.
പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഷാജിദ വൈക്കം മുഹമ്മദ് ബഷീര്‍, എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയ നിരവധി സാഹിത്യകാരന്‍മാരുടെ ആയിരത്തോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചു കഴിഞ്ഞു. നരിക്കുനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷാജിദ പാലോളി താഴത്ത് അബ്ദുല്‍ ജബ്ബാറിന്റെയും സാജിതയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."