സര്‍ക്കാര്‍ ഓഫിസുകളില്‍ ആളില്ലാ കസേരകള്‍ 1227
ചെറുവത്തൂര്‍: സര്‍ക്കാര്‍ ഓഫിസുകളിലെ നിയമനകാര്യത്തില്‍ ജില്ലയോടു കടുത്ത അവഗണന. 1227 തസ്തികകളാണു വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഒഴിഞ്ഞു കിടക്കുന്നത്. പി.എസ് സി റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ നിയമനത്തിനായി ഓഫിസുകള്‍ കയറിയിറങ്ങുമ്പോഴാണ് ഈ സ്ഥിതി.
അഞ്ചു വര്‍ഷക്കാലമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പോലും ഇക്കൂട്ടത്തിലുണ്ട് . ജില്ലാ മെഡിക്കല്‍ ഓഫിസിനു കീഴിലും വിദ്യാഭ്യാസ വകുപ്പിലുമാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. മെഡിക്കല്‍ ഓഫിസിനു കീഴില്‍ 209 തസ്തികകളും വിദ്യാഭ്യാസ വകുപ്പില്‍ 202 തസ്തികളും ഒഴിഞ്ഞു കിടക്കുന്നു.
ജില്ലയില്‍ 38 പഞ്ചായത്ത് സെക്രട്ടറി തസ്തിക നിലവിലുണ്ടെങ്കിലും 14 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനതലത്തില്‍ സ്ഥാനക്കയറ്റം നല്‍കാതിരുന്നതിനാല്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നു മുതലാണു സെക്രട്ടറിമാരില്ലാതെ പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍.എസ്.ജി.ഡി യില്‍ 37 അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ വേണ്ടിടത്ത് 18 പേര്‍ മാത്രമാണുള്ളത്. 24 ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികകളാണു ജില്ലയിലുള്ളത്. ഇതില്‍ എട്ടെണ്ണം ഒഴിഞ്ഞു കിടക്കുന്നു. പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പഞ്ചായത്ത് സെക്രട്ടറിമാരുടെയും എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍മാരുടെയും ഒഴിവുകള്‍ നികത്താത്തതു പദ്ധതി നിര്‍വഹണം കാര്യക്ഷമമായി നടത്തുന്നതിനു പ്രയാസം സൃഷ്ടിക്കും. ജില്ലയിലെ തസ്തികകള്‍ നികത്താന്‍ നടപടി ഉണ്ടാകണമെന്നു പ്രഭാകരന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എല്ലാ നടപടിയും കടലാസില്‍മാത്രം ഒതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."