ഉദുമ ഗവ. ആര്‍ട്‌സ് കോളജ്: വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് മുന്‍ പ്രിന്‍സിപ്പല്‍
കാഞ്ഞങ്ങാട്: ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ലാബും ക്ലാസ്‌റൂമും നിര്‍മിച്ചതില്‍ അഴിമതി നടന്നുവെന്ന തരത്തില്‍ പ്രാദേശിക ചാനലിലും പത്രത്തിലും വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. രമ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ അടുത്ത കാലത്തു പുതുതായി സ്ഥാപിതമായ കോളജിനെ ചുറ്റിപ്പറ്റി ശക്തിപ്പെട്ടിരുന്ന ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാത്തത്തിലുള്ള പകതീര്‍ക്കലാണെന്നും അവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
കുണിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്ന കോളജില്‍ ഓരോ വര്‍ഷവും പ്രവേശനം നല്‍കുമ്പോള്‍ പുതിയ ബാച്ചുകള്‍ക്ക് അധികമായി ക്ലാസ്മുറികള്‍ വേണം. അതു വ്യവസ്ഥപ്രകാരം സ്ഥലം എം.എല്‍.എയുടെ ഉത്തരവാദിത്തമായതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തരമായി ക്ലാസ്‌റൂം സൗകര്യം ഏര്‍പ്പാടാക്കാന്‍ ആലോചിച്ചത്. ഇതിനു മുന്‍വര്‍ഷം പി.ടി.എ ഫണ്ടില്‍നിന്നു രണ്ടു ലക്ഷത്തിലേറെ ചെലവഴിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിര്‍മാണം തുടങ്ങിയിരുന്ന ഷെഡ് പൂര്‍ത്തിയാകാതിരുന്നതിനാലും അതു പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക പി.ടി.എ ഫണ്ടില്‍ ഇല്ലാത്തതിനാലും താല്‍ക്കാലികാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഓല ഷെഡ്ഡ് നിര്‍മിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഈ ഷെഡ്ഡില്‍ ഇരുന്നുപഠിക്കാന്‍ കുട്ടികള്‍ തയാറാകാതെ വരികയും ഇതു സംബന്ധമായി ഷെഡ്ഡിന്റെ പടം ഉള്‍പ്പെടെ പത്ര വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഷെഡ്ഡ് പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു ക്ലാസ്‌റൂം ഷെഡ്ഡ് നിര്‍മിച്ചിട്ടില്ലെന്നും മറ്റുമുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു സത്യമറിയുന്ന സ്ഥാപനാധികൃതരുടെയും നാട്ടുകാരുടെയും സ്ഥാപനം സന്ദര്‍ശിച്ചിട്ടുള്ള റവന്യൂ വകുപ്പു മന്ത്രിയുടെയും എം.എല്‍.എയുടെയും മുന്നില്‍ വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."