പെന്‍ഷന്‍ നിഷേധിച്ച ക്ഷീരകര്‍ഷകന് കുടിശികയും പലിശയും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കാസര്‍കോട്്: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയില്‍ ജനനതിയതി അവ്യക്തമാണെന്ന് ചൂണ്ടികാണിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നിരസിച്ച ക്ഷീരകര്‍ഷകന് 2013 മുതലുള്ള പെന്‍ഷനും കുടിശികയും പലിശസഹിതം രണ്ട് മാസത്തിനകം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പിട്ട ഗസറ്റഡ് ഉദ്യോസ്ഥന്റെ ഓഫിസ് സീല്‍ ജനനതിയതി രേഖപ്പെടുത്തിയ സ്ഥലത്ത് പതിഞ്ഞതിനാലാണ് ബളാല്‍ കാണിപറമ്പില്‍ വീട്ടില്‍ കെ.എം ജോസഫിന് ക്ഷീരകര്‍ഷക പെന്‍ഷന്‍ നിഷേധിച്ചത്. 2010 ജനുവരിയില്‍ ജോസഫ് ക്ഷീരകര്‍ഷക പെന്‍ഷന് അര്‍ഹത നേടിയിരുന്നു. 2013 ല്‍ അദ്ദേഹം അപേക്ഷ നല്‍കി. ഇത് 2014-ല്‍ അപേക്ഷ പരിഗണിച്ചെങ്കിലും ജനനതിയതി വ്യക്തമാകാത്തതിനാല്‍ തിരിച്ചയച്ചതായാണ് സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ വിശദീകരണം.
പുതിയരേഖ 2014 ജൂലൈ 24ന് ലഭിച്ചതിനെ തുടര്‍ന്ന് 2015 ഫെബ്രുവരിയിലെ ബോര്‍ഡ് യോഗത്തില്‍ പെന്‍ഷന്‍ പാസാക്കി കെ.എം ജോസഫിന് 2015 മുതല്‍ പെന്‍ഷന്‍ അനുവദിച്ചു. എന്നാല്‍ താന്‍ അപേക്ഷ നല്‍കിയ 2013 മുതലുള്ള പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ അപേക്ഷ.
ക്ഷേമനിധി ഗുണഭോക്താക്കളായ സാധാരണ അംഗങ്ങളുടെ ക്ഷേമം കേവലം സാങ്കേതികതയില്‍ കുരുക്കി അവസാനിപ്പിക്കരുതെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ചൂണ്ടികാണിച്ചു. പ്രതിവര്‍ഷം 500 ലിറ്റര്‍ പാല്‍ സംഘത്തിന് നല്‍കിയ വയോധികനെ ആധാര്‍കാര്‍ഡും അപേക്ഷയുമായി പെന്‍ഷനു വേണ്ടി അലഞ്ഞുതിരിയാന്‍ വിട്ടത് നിര്‍ഭാഗ്യകരമണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. രേഖ വ്യക്തമല്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കാമായിരുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. ക്ഷേമത്തിനായുള്ള നിയമം ഗുണഭോക്താവിന് പ്രയോജനകരമായി വ്യാഖ്യാനിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നത്.
ബോര്‍ഡിന്റെ സമീപനം ജനാധിപത്യപരമോ മാനുഷികമോ അല്ലെന്നും കമ്മിഷന്‍ ചൂണ്ടികാട്ടി. ഉദ്യോഗസ്ഥ തലത്തിലുണ്ടായ നിരുത്തരവാദത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. ഇതു സംബന്ധിച്ച് പരാതിക്കാരന് സര്‍ക്കാരില്‍ പരാതി നല്‍കാമെന്നും കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."