രാജ്യസ്‌നേഹത്താല്‍ ജനം എല്ലാം സഹിക്കണമെന്ന വാദം കേരളത്തില്‍ വിലപ്പോകില്ല: തോമസ് ഐസക്
തിരുവനന്തപുരം: രാജ്യസ്‌നേഹത്താല്‍ ജനം എല്ലാം സഹിക്കണമെന്ന വാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളം നേരത്തെ തന്നെ ശ്രമിച്ചിരുന്നു. താന്‍ പരിഭ്രാന്തി പരത്തുന്നെന്ന ആക്ഷേപം ശരിയല്ലെന്നും സത്യം പറയുന്നത് പരിഭ്രാന്തിയാണോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ ദിവസവും സംസ്ഥാന സര്‍ക്കാര്‍ ആര്‍.ബി.ഐയോട് പണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തലേദിവസം ചോദിച്ച പണം നല്‍കാനാവില്ലെന്നാണ് അവര്‍ അടുത്തദിവസം രാവിലെ സര്‍ക്കാരിനെ അറിയിക്കുന്നത്. പ്രശ്‌നങ്ങള്‍ രണ്ടുദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്നു പറഞ്ഞവരുടെ വാക്കാണോ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന തന്റെ വാക്കാണോ ശരിയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. അതിനെ പരിഭ്രാന്തി പരത്തല്‍ എന്നുപറഞ്ഞ് തള്ളിക്കയരുത്. ദേശസ്‌നേഹത്തിന്റെ കാര്യം പറഞ്ഞ് എത്രദിവസം ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കാനാകുമെന്ന് ചിന്തിക്കണം. ട്രഷറികളിലൂടെ നല്‍കുന്ന പണത്തിന്റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാണ്. എന്നാല്‍ ബാങ്കുകളുടെ കണക്കു ലഭിക്കുന്നില്ല.
ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കെ.വൈ.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നു കാട്ടി നബാര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവച്ചിട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിനെ കേരളം പോസിറ്റീവായാണ് കാണുന്നത്.
ജി.എസ്.ടി ബില്ലിലെ വ്യവസ്ഥകള്‍ കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."