21,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലെത്തി
ധാക്ക: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരേ കലാപം നടക്കുന്നതായും കഴിഞ്ഞ ആഴ്ചകളിലായി 21,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും അന്താരാഷ്ട്ര മൈഗ്രേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.ഒ.എം) അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയാന്‍ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ മുതലാണ് റോഹിംഗ്യകള്‍ ഏറെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖിനെയില്‍ സൈന്യം റോഹിംഗ്യകള്‍ക്ക് നേരെ കലാപം അഴിച്ചുവിട്ടത്. പുരുഷന്‍മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ പീഡിപ്പിക്കുകയും വീടുകള്‍ അഗ്്‌നിക്കിരയാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ വിവാദമായതിനെ തുടര്‍ന്ന് യു.എന്‍ അന്വേഷണ സംഘവും കഴിഞ്ഞ ദിവസം മ്യാന്‍മറിലെത്തിയിരുന്നു. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. മ്യാന്‍മറില്‍ സൈന്യം റോഹിംഗ്യന്‍ വംശഹത്യ നടത്തുകയാണെന്ന് യു.എസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കലാപത്തെ തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമാണ് റാഖിനെ. അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറിലാണ് അഭയാര്‍ഥികളെത്തുന്നതെന്ന് ബംഗ്ലാദേശിലെ ഐ.ഒ.എം മേധാവി സന്‍ജുക്ത സഹാനി പറഞ്ഞു. ഇവിടെ അഭയാര്‍ഥി ക്യാംപുകളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 9 നും ഡിസംബര്‍ 2നും ഇടയില്‍ 21,000 അഭയാര്‍ഥികള്‍ എത്തിയെന്നാണ് സഹാനി പറയുന്നത്.
യു.എന്നിന്റെ അഭയാര്‍ഥി വിവരശേഖരണ ഏജന്‍സിയാണ് ഐ.ഒ.എം. തങ്ങളെ സൈന്യം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും ഉറ്റവരെ കൊലപ്പെടുത്തി വീടുകള്‍ തീയിട്ടെന്നും അഭയാര്‍ഥികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സൂകി സമാധനം കൊണ്ടുവരാന്‍ സൈന്യത്തെ നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."