ജീവകാരുണ്യത്തിന് ഒരു ദിവസത്തെ ശമ്പളം നല്‍കി പൊലിസുകാര്‍
ആനക്കര: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസത്തെ ശമ്പളം മാറ്റിവച്ച് മാതൃകയാവുകയാണ് പൊലിസുകാര്‍. പട്ടാമ്പി സര്‍ക്കിളിനു കീഴിലെ തൃത്താല, ചാലിശ്ശേരി, പട്ടാമ്പി സ്റ്റേഷനുകളിലെ പോലീസുകാരാണ് തങ്ങളുടെ ഒരുദിവസത്തെ വേതനം ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ച് ദുരിതജീവിതം നയിക്കുന്ന ഉഷാദേവിയുടെ ചിരിത്സക്കായി മാറ്റിവച്ചത്.
പരുതൂര്‍ പഞ്ചായത്തിലെ കുളമുക്കില്‍ മുണ്ടായ് വളപ്പില്‍ രാജന്റെ ഭാര്യ ഉഷാദേവി ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ച് ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തി വരികയാണ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളും, ദിവസക്കൂലിക്കാരനായ ഭര്‍ത്താവും അടങ്ങുന്ന കുടുംബം ചികിത്സക്കും ദൈനംദിന ആവശ്യങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രയാസം അനുഭവിച്ചു വരികയായിരുന്നു.
ഇവരുടെ ചികിത്സാ സഹായത്തിനാണ് ജനമൈത്രി പോലിസ് സ്റ്റേഷന്‍ തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ 120 ഓളം പൊലിസുകാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം സ്വരൂപിച്ച് ഇവര്‍ക്ക് നല്‍കിയത്. സ്വരൂപിച്ച 8600 രൂപ പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് സുരേഷ് ഉഷാദേവിയുടെ വീട്ടിലെത്തി കൈമാറി.
തൃത്താല എസ്.ഐ ആര്‍. രജ്ഞിത്ത്, ചാലിശ്ശേരി എസ്.ഐ ശ്രീനിവാസന്‍, പട്ടാമ്പി എസ്.ഐ. ലൈസാദ് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തുക കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."