വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍
കാക്കനാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്യുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല നാഷണല്‍ ഹൈവേ ഓഫ് അതോറിറ്റി ഒഴിഞ്ഞതോടെ അനിശ്ചിതത്തിലായി.
ഒക്ടോബര്‍ 30ന് പൊതുമരാമത്ത് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല നാഷണല്‍ ഹൈവേ ഓഫ് അതോറിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഫയല്‍ ഡെല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഫയല്‍ തിരിച്ചയച്ച് ഹൈവേ അതോറിറ്റി, കേരള സര്‍ക്കാറിനോട് നിര്‍മാണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 2016 ഫെബ്രുവരിയില്‍ 16ന് സംസ്ഥാന സര്‍ക്കാറിന് എന്‍.ഒ.സി നല്‍കിയതാണെന്നും ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റില മേല്‍പ്പാലത്തിന് 109 കോടിയും കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 80 കോടിയുമായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് മുന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് വൈറ്റിലയിലെയും കുണ്ടന്നൂരിലെയും മേല്‍പ്പാലംനിര്‍മ്മാണത്തിന് തടസ്സമായിരുന്നത്. ആവശ്യമായ ഫണ്ട് കണ്ടെത്തിയശേഷം നിര്‍മ്മാണം തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ബജറ്റില്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ഡീസല്‍ തീരുവയുടെ അമ്പത് ശതമാനം ഈ പദ്ധതികള്‍ക്കായി ഉപയോഗിക്കാനും ലക്ഷ്യമിടുന്നു. വൈറ്റിലയില്‍ മേല്‍പ്പാലവും മെട്രോറെയിലും കൂടി സംഗമിക്കുന്നുണ്ട്. മെട്രോയ്ക്ക് അനുയോജ്യമായ വിധത്തിലാണ് വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിരുന്നത്. കൊച്ചിയിലെ കുരുക്ക് ഒഴിവാക്കാന്‍ നാല് മേല്‍പ്പാലങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത്.
ഇതില്‍ പാലാരിവട്ടം, ഇടപ്പള്ളി മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്രത്തില്‍ നിന്ന് പ്ദ്ധതിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അപകടമരണങ്ങള്‍ നിത്യസംഭവമായിരിക്കുന്ന വൈറ്റില ജങ്ഷന്‍, ഹൈവേ അതോറിറ്റി ബ്ലാക്ക് സ്‌പോട്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള വൈറ്റില ജങ്ഷനിലും, അതെ പ്രാധാന്യമുള്ള കുണ്ടന്നൂര്‍ ജങ്ഷനിലും മേല്‍പ്പാലം നിര്‍മാണം അനിവാര്യമാണെന്ന് പി.ടി.തോമസ് എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രശ്‌ന പരിഹാരത്തിന് ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കമണമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."