പ്രദീപന്‍ പാമ്പിരിക്കുന്ന്
വിടവാങ്ങിയത് മുഖ്യധാരയില്‍ ദലിത് ശബ്ദമുയര്‍ത്തിയ സൈദ്ധാന്തികന്‍
കോഴിക്കോട്: അധികാരികള്‍ നിശബ്ദമാക്കി നിര്‍ത്തിയിരുന്ന ഒരു ജനവിഭാഗത്തിന്റെ ശബ്ദമായിരുന്നു പ്രദീപന്‍ പാമ്പിരിക്കുന്ന് എന്ന ദലിത് സൈദ്ധാന്തികന്‍. നിരവധി കൃതികള്‍ രചിച്ച അദ്ദേഹം തന്റെ 'എരി' എന്ന നോവലിന്റെ പണിപ്പുരയിലിരിക്കെയാണു വിടവാങ്ങിയത്. ദലിത് എഴുത്തുകള്‍ക്കു പ്രാമുഖ്യം നല്‍കിയ പ്രദീപനു ദലിത് പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്കും സാഹിത്യത്തിലേക്കും ദലിതുകള്‍ പ്രവേശിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ നിരത്തിയാണു തന്റെ എഴുത്തുകള്‍ അദ്ദേഹം നിര്‍വഹിച്ചത്. 'ദലിത് സൗന്ദര്യശാസ്ത്രം', 'ദലിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം' എന്നീ കൃതികളിലൂടെയാണു ദലിതുകളുടെ ജീവിതാനുഭവത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമൂഹത്തിനു മുന്നില്‍ അദ്ദേഹം വരച്ചുകാട്ടിയത്. ദലിത് ചിന്തകളുടെയും മാര്‍ക്‌സിസത്തിന്റെയും പ്രത്യയശാസ്ത്രപരമായ പൊതു ഇടത്തെ അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും എഴുത്തിലും അടയാളപ്പെടുത്തി.
പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, എഴുത്തുകാരന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നീലകളില്‍ പ്രശസ്തനായ പ്രദീപന്‍ പാമ്പിരിക്കുന്ന് 'ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്‌കാര പഠനം' എന്ന ഗ്രന്ഥവും 'തുന്നല്‍ക്കാരന്‍', 'വയലും വീടും', 'ബ്രോക്കര്‍', 'ഉടല്‍' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. തീക്ഷ്ണമായ സാമൂഹ്യ വിമര്‍ശനവും ധൈഷണികമായ സത്യസന്ധതയും അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിഴലിച്ചു. സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി സ്മാരക വൈജ്ഞാനിക അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി കൊയിലാണ്ടി സെന്റര്‍ മലയാള വിഭാഗം മേധാവിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."