വയോധികയുടെ മരണത്തില്‍ ദുരൂഹത കൊലപാതകമെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസില്‍ പരാതി
മഞ്ചേശ്വരം: മകനും ഭാര്യമാര്‍ക്കുമൊപ്പം താമസിച്ചിരുന്ന 65 കാരിയായ വയോധികയുടെ മരണത്തില്‍ ദുരൂഹത. സംശയം പ്രകടിപ്പിച്ച് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഉപ്പള ഹിദായത്ത് നഗറിലെ കെ.എഫ് ഇഖ്ബാല്‍ ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസിനും കുമ്പള ഇന്‍സ്‌പെക്ടര്‍ വി.വി മനോജിനും പരാതി നല്‍കി.
മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച ചിഗുറുപ്പദവ് തൊട്ടത്തോടിയിലെ പരേതനായ ആലിക്കുഞ്ഞിയുടെ ഭാര്യ ആയിഷാബി (65)യാണ് ഈ മാസം അഞ്ചിന് പുലര്‍ച്ചേ ആറുമണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് മരിച്ച വിവരം മകന്‍ മുസ്തഫ നാട്ടുകാരെയും പള്ളി കമ്മിറ്റി ഭാരവാഹികളെയും അറിയിച്ചിരുന്നു. മയ്യിത്ത് അംഗശുദ്ധി വരുത്തുന്നതിനിടെ ആയിഷാബിയുടെ കഴുത്തിന് പുറകിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ മുസ്തഫയും ഭാര്യമാരും ചേര്‍ന്ന് നാട്ടുകാരുമായി വാക്കേറ്റം നടന്നിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ ജോസിന്റെ നേതൃത്വത്തില്‍ പൊലിസ് മരണവീട്ടില്‍ എത്തി സംഭവം അന്വേഷിച്ചിരുന്നു.
എന്നാല്‍ വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ പൊലിസ് മടങ്ങിപ്പോവുകയായിരുന്നു. ഓട്ടോ ഡ്രൈവറായ മുസ്തഫ ഭാര്യമാരായ ബായാറിലെ റുക്‌സാന, ഫൗസിയ ഇവരുടെ സഹോദരിയായ മറ്റൊരു യുവതി എന്നിവര്‍ക്കൊപ്പം തൊട്ടത്തോടിയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. അസമയത്ത് പുറമേ നിന്നും ദിവസവും പുരുഷന്‍മാര്‍ വീട്ടിലെത്തുന്നതും ഭാര്യമാരുടെ മോശം പ്രവൃത്തിയില്‍ ആയിഷാബി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ വിരോധത്തില്‍ മുസ്തഫയുടെ ഒത്താശയോടെ ഭാര്യമാര്‍ ആയിഷാബിയെ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി.
എന്നാല്‍ സംഭവം പൊലിസ് നിഷേധിച്ചിട്ടുണ്ട്. വനിതാ പൊലിസ് ഉണ്ടായിട്ടും ആയിഷാബിയുടെ പരുക്കുകള്‍ പരിശോധിക്കാന്‍ പൊലിസ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."