പൊലിസ് മര്‍ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയ യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ചതായി പരാതി
പാലാ: പട്ടാപകല്‍ നടുറോഡില്‍ യുവാവിനെ ട്രാഫിക് എസ.്‌ഐ മര്‍ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതായി പരാതി.
ഡി.വൈ.എഫ.ഐ രാമപുരം പഞ്ചായത്ത് കമ്മിറ്റിയംഗം നീറന്താനം വലിയവീട്ടില്‍ ശ്രീജിത്തി(36)നാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ശ്രീജിത്തിനെ പാലാ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടോടെ രാമപുരം റോഡില്‍ സിവില്‍ സ്‌റ്റേഷന്‍ ട്രാഫിക് ജങ്ഷനില്‍നിന്നാണ് യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
പാലാ ജൂബിലി തിരുനാള്‍ പ്രമാണിച്ച് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണത്തിന് എത്തിയ ട്രാഫിക് എസ്.ഐ പ്രതാപ് ചന്ദ്രനും പൊലിസുകാരും ഇതുവഴി ബൈക്കില്‍ എത്തിയ മറ്റൊരു യുവാവിനെ ഗതാഗത തടസം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് ലാത്തിക്ക് അടിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ശ്രീജിത്ത് രംഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു.
ഇതോടെ എസ്.ഐയും പൊലിസുകാരും അടുത്തെത്തി മൊബൈല്‍ പിടിച്ചുവാങ്ങി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഭക്ഷണംപോലും വാങ്ങിക്കൊടുക്കാതെ സ്‌റ്റേഷനില്‍ ഇരുത്തിയ ട്രാഫിക് എസ്‌ഐയും സ്‌റ്റേഷന്‍ എസ്.ഐ അനുപും ചില പൊലിസുകാരും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി ശ്രീജിത്ത് പറഞ്ഞു.
സ്‌റ്റേഷനില്‍ എത്തിയ പരിചയക്കാര്‍ വിവരം അറിയിച്ചതിനതുടര്‍ന്ന് സി.പി.എം പാലാ ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.ജി സലി, ജിന്‍സ് ദേവസ്യ, ഡി.വൈ.എഫ്.ഐ രാമപുരം മേഖലാ സെക്രട്ടറി എന്‍.ആര്‍ വിഷ്ണുവും സ്‌റ്റേഷനില്‍ എത്തി. പിന്നീട് വൈകിട്ട് ആറരയോടെയാണ് യുവാവിനെ വിട്ടയച്ചത്. ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്തിനെ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, പാലാ ഏരിയാ സെക്രട്ടറി വി. ജി വിജയകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പിന്നീട് സി.ഐ ടോമി സെബാസ്റ്റിയന്‍ എത്തി യുവാവിന്റെ മൊഴി എടുത്തു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും പൊലിസുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ടി പാലാ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."