മൂന്നാര്‍ അതിശൈത്യത്തിലേക്ക്; കനത്ത മഞ്ഞുവീഴ്ച
തൊടുപുഴ: തെക്കിന്റെ കശ്മിരായ മൂന്നാര്‍ അതിശൈത്യത്തിലേക്ക്. താപനില വീണ്ടും താഴ്ന്ന് മൈനസ് രണ്ട് ഡിഗ്രിയിലെത്തി. വരുംദിവസങ്ങളില്‍ താപനില ഇനിയും താഴാനാണ് സാധ്യത. താപനില താഴ്ന്നതോടെ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയും തുടങ്ങി. ലക്ഷ്മിയിലാണ് താപനില മൈനസ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയത്. മാട്ടുപ്പെട്ടി, കുണ്ടള, ലാക്കാട്, പെരിയവരൈ, നല്ലതണ്ണി എസ്റ്റേറ്റുകളിലും മൂന്നാര്‍ ടൗണിലും കുറഞ്ഞ താപനില ഒരു ഡിഗ്രി വരെയെത്തി. സെവന്‍മല എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ശൈത്യകാലത്തിനു തുടക്കമിട്ട് നവംബര്‍ രണ്ടാംവാരം താപനില നാലു ഡിഗ്രിയിലെത്തിയെങ്കിലും പിന്നീടിത് കുറഞ്ഞിരുന്നു. ഇന്നലെയാണ് താപനില പെട്ടെന്ന് താഴ്ന്നത്. ഇന്നലെ പകലും മൂന്നാറില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു.
മഞ്ഞുവീണ് വെള്ളപുതച്ച മൂന്നാറിലെ പുലര്‍കാല കാഴ്ച സ്വിറ്റ്സര്‍ലന്റിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിദേശ സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. തേയില ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകള്‍കൊണ്ട് മൂടിയ കാഴ്ച അവിസ്മരണീയമാണ്. വരുംദിനങ്ങളില്‍ താപനില താഴ്ന്നുതന്നെ നില്‍ക്കാനാണ് സാധ്യത. അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിലെ വിദേശ വൃക്ഷങ്ങളും പൂവിട്ടത് മഞ്ഞുകാല കാഴ്ചകള്‍ക്ക് മിഴിവേകി.
പൂക്കള്‍ നിറഞ്ഞ മരങ്ങളുടെയും മഞ്ഞുപാളി മൂടിയ മലനിരകളുടെയും ചിത്രങ്ങളുമായാണ് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ മലയിറങ്ങുന്നത്. നോട്ട് പ്രതിസന്ധി വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നുണ്ടെങ്കിലും വരുംദിവസങ്ങളില്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശ സഞ്ചാരികള്‍ക്ക് തണുപ്പ് ലഹരിയാണ്. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ കച്ചവടവും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ലോഡ് കണക്കിന് കമ്പിളി വസ്ത്രങ്ങളാണ് കച്ചവടത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. മൂന്നാര്‍ മേഖലയിലെ മുഴുവന്‍ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ഭൂരിഭാഗം മുറികളും ജനുവരി 31 വരെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."