നിലമ്പൂര്‍ വനം കൈയേറ്റം: ഒരാള്‍ അറസ്റ്റില്‍
നിലമ്പൂര്‍: എടവണ്ണ നെടുഞ്ചീരി മങ്ങാട് മലവാരത്തിലെ വനം കൈയേറ്റവുമായി ബന്ധപ്പെട്ട് മമ്പാട് പ്രദേശിക കോണ്‍ഗ്രസ് നേതാവ് പുള്ളിപ്പാടം കാരച്ചാല്‍ കൊച്ചുമുറ്റത്തില്‍ ബെന്നി തോമസിനെ (49) ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.രാജീവ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി വിധി ലംഘിച്ച് വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് നശിപ്പിച്ചെന്ന കേസിലാണ് നടപടി. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. കയ്യേറ്റം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാരോപിച്ച് സിപിഎം മമ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ചും ഉപരോധവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭൂമിയിലെ 13 ചെറു മരങ്ങള്‍ വെട്ടി നശിപ്പിച്ചതായും കയ്യേറ്റം നടത്തിയതായും കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ബെന്നിയുടെ റബര്‍ തോട്ടം വനഭൂമിയിലാണെന്ന് കണ്ടെത്തി അന്നത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ സുനില്‍കുമാര്‍ റബര്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബെന്നി കോടതിയെ സമീപിക്കുകയും സ്ഥലത്തെ ആദായം എടുക്കാന്‍ അനുകൂല വിധ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ മരങ്ങള്‍ ഉണക്കി വെട്ടി നീക്കിയാണ് ബെന്നി കയ്യേറ്റം നടത്തിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി കെ.രാജു അന്വേഷണം നടത്താനും വനഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ശക്തമായി നടപടി സ്വീകരിക്കാനും വകുപ്പ് തലത്തില്‍ നല്‍കിയ നിര്‍ദ്ദേശവും പെട്ടെന്നുള്ള അറസ്റ്റിനു വഴി തെളിയിച്ചു. എന്നാല്‍ വനം കയ്യേറ്റം നടത്തിയിട്ടില്ലെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയിലെ ആദായം എടുക്കുന്നതിന് വേണ്ടി അടിക്കാടുകള്‍ വെട്ടിമാറ്റിയിട്ടുള്ളുവെന്നാണ് ബെന്നിയുടെ വാദം. മുന്‍ സിപിഎം നേതാവായിരുന്ന ബെന്നി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിന്റെ രാഷ്ട്രീയ വൈരാഗ്യവും സംഭവത്തിനു പിന്നിലെന്നാണ് സൂചന. ബെന്നിയെ മഞ്ചേരി വനം കോടതി 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."