വാക്കുകളും നോക്കുകളും വിത്തുകളാണ്
വികൃതി കളിച്ചപ്പോള്‍ ആ പിഞ്ചിളം മുഖത്തുനോക്കി ചെറുതായൊന്ന് കണ്ണുരുട്ടുക മാത്രമേ നിങ്ങള്‍ ചെയ്തിട്ടുണ്ടാവുകയുള്ളൂ. പറഞ്ഞിട്ടു കാര്യമില്ല. ആ കണ്ണുരുട്ടലില്‍ ചരമമടഞ്ഞുപോകുന്നത് ലോകപ്രശസ്തനായൊരു ശാസ്ത്രജ്ഞനായിരിക്കാം. എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഭിഷഗ്വരനായിരിക്കാം. സമുന്നത പദവികള്‍ അലങ്കരിക്കുന്ന ഉദ്യോഗസ്ഥനായിരിക്കാം.
ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞത് 'നിനക്ക് തീരെ ബുദ്ധിയില്ല..' എന്നു മാത്രമായിരിക്കും. പറഞ്ഞിട്ടെന്ത്.. ആ വാക്കില്‍ പൊലിഞ്ഞുപോകുന്നത് തലമുറകള്‍ക്കു വേണ്ടപ്പെട്ട മഹാപണ്ഡിതനായിരിക്കില്ലെന്നാരു കണ്ടു..?
'ആള് മഹാ വികൃതിയാണെങ്കിലും ഇന്ന് നീ വമ്പനായിട്ടുണ്ടല്ലോ..' എന്നായിരിക്കും നിങ്ങള്‍ ആകെ പറഞ്ഞിട്ടുണ്ടാവുക. അതിന്റെ ഫലമായി ലോകത്തിനു ലഭിക്കുന്നത് ഗുരുത്വംകെട്ട മഹാനാശകാരിക്കു പകരം കരുത്തനായ ഒരു നേതാവിനെയായിരിക്കാം.
ഒന്നു പുഞ്ചിരിച്ചിട്ടേ ഉണ്ടാവൂ. അതായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ ജീവനില്‍ കൊതിവച്ചു നടക്കുന്ന ശത്രുവിനെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ആത്മമിത്രമാക്കുന്നത്. എന്തു പറഞ്ഞു എന്നത് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. എന്നാല്‍ പറഞ്ഞതിന്റെ ഫലമായി സംഭവിക്കാന്‍ പോകുന്നതെന്താണെന്ന കാര്യം പ്രവചിക്കാന്‍ സാധ്യമല്ല. എന്തു ചെയ്തു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങള്‍ക്കുണ്ട്. എന്നാല്‍ നിങ്ങളുടെ ചെയ്തി സൃഷ്ടിക്കാന്‍ പോകുന്ന അനന്തര ഫലങ്ങളെന്തൊക്കെയാണെന്നതിനെ പറ്റി കൃത്യമായ ധാരണയുണ്ടാവില്ല.
ചക്കയില്‍ എത്ര കുരുവുണ്ടെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയും. എന്നാല്‍ അതിലെ ഒരു കുരുവില്‍നിന്ന് എത്ര ചക്കകളുണ്ടാകുമെന്നു ചോദിച്ചാല്‍ മറുപടി എളുപ്പമായിരിക്കുമോ...? കോഴിയില്‍നിന്ന് കിട്ടിയ മുട്ടകളുടെ എണ്ണം കിട്ടാന്‍ തീരെ പ്രയാസമില്ല. എന്നാല്‍ ഒരു മുട്ടയില്‍നിന്നു വിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞ് എത്ര തലമുറകളുടെ മാതാവായിരിക്കുമെന്നു ചോദിച്ചാല്‍ കൃത്യമായ മറുപടി നല്‍കാന്‍ ആര്‍ക്കു സാധിക്കും...?
'എടാ പോടാ..' എന്നു പറയാന്‍ നാലക്ഷരങ്ങളേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ആ നാലക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ എത്രയായിരിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കാണു കഴിയുക..?
സ്വാധീനം എന്നതു കൊച്ചുസംഭവമല്ല. അതുണ്ടാക്കിവയ്ക്കുന്ന അര്‍ഥങ്ങളും അനര്‍ഥങ്ങളും അളവുകോലുകള്‍ക്കു വഴങ്ങാത്തതാണ്. നമ്മള്‍ പോലും അത്ര ഗൗരവം കൊടുത്തിട്ടില്ലാത്ത ഒരു വാക്കായിരിക്കാം ചിലപ്പോള്‍ അനേകം തലമുറകള്‍ക്കു വഴികാട്ടിയായി മാറുന്നത്. ഒരു മിനിറ്റു നേരത്തെ ഏതെങ്കിലുമൊരു പ്രവര്‍ത്തിയായിരിക്കാം കാലങ്ങളോളമുള്ള ആളുകള്‍ക്കു മാതൃകയായി പരിണമിക്കുന്നത്.
കച്ചവടത്തിനു പോവുകയായിരുന്ന ഒരു കൊച്ചുകുട്ടിയോട് പണ്ഡിതനായ ഇമാം ശഅബി ചോദിച്ചു: 'മോന്‍ ആരെ തേടിയാണു പോകുന്നത്...?'. കുട്ടി പറഞ്ഞു: 'ഞാന്‍ അങ്ങാടിയിലേക്കു പോവുകയാണ്'. 'അതല്ല ഞാനുദ്ദേശിച്ചത്. ഏതു പണ്ഡിതന്റെ അടുത്തേക്കാണു പോകുന്നതെന്നാണ്...' ഇമാമവര്‍കള്‍ തിരുത്തി ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: 'എനിക്ക് പണ്ഡിതരുമായി അടുപ്പം കുറവാണല്ലോ...'
'എങ്കില്‍ ഇനിമുതല്‍ പണ്ഡിതന്മാരുമായി ബന്ധം വേണം. വിജ്ഞാന സമ്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിന്റെ മുഖത്തു ശോഭനമായൊരു ഭാവി ഞാന്‍ കാണുന്നുണ്ട്'. ഇമാമിന്റെ ഉപദേശം. ഇത്രയേ ഉള്ളൂ ആ കൂടിക്കാഴ്ച. കുട്ടി മാറിച്ചിന്തിക്കാന്‍ തുടങ്ങി. കേവലം കച്ചവടക്കാരനായി ജീവിക്കുന്നതിനു പകരം വിദ്യാഭ്യാസകാര്യങ്ങളിലും ശ്രദ്ധവേണമെന്ന് അവനു തോന്നി. അതോടെ കൂടുതല്‍ സമയം പഠനത്തിനായി വിനിയോഗിച്ചു. അങ്ങനെ പഠിച്ചുപഠിച്ച് അവന്‍ പണ്ഡിതനായി. ചെറിയ പണ്ഡിതനല്ല, മഹാപണ്ഡിതന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഭുവനപ്രശസ്തനായ പ്രതിഭാശാലി. അതെ, ഇമാം അബൂഹനീഫ (റ)യായിരുന്നു ആ കുട്ടി.
ചിന്തകനും ചരിത്രകാരനുമായ ഹെന്റി ആഡംസിന്റെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു: 'അ ലേമരവലൃ മളളലരെേ ലലേൃിശ്യേ; വല രമി ില്‌ലൃ ലേഹഹ ംവലൃല വശ െശിളഹൗലിരല േെീു'െ (അധ്യാപകന്‍ ശാശ്വതനാണ്. തന്റെ സ്വാധീനം എവിടെച്ചെന്നാണ് അവസാനിക്കുന്നതെന്നു പറയാന്‍ അദ്ദേഹത്തിനൊരിക്കലും കഴിയില്ല.)
നമ്മുടെ വാക്കും നോക്കും പ്രവര്‍ത്തിയും വിത്തുകളാണ്. നമുക്കു ചുറ്റും കിടക്കുന്നത് വിശാലമായ കൃഷിയിടവും. നമ്മില്‍ നിന്നുണ്ടാകുന്നതെന്തും കൃഷിയിടത്തിലേക്കാണു വീഴുന്നത്. വീഴുന്നത് നാവില്‍നിന്നു പോന്ന വാക്കുകളാണെങ്കില്‍ അതു മുളച്ചുവരും. ഒന്നുകില്‍ കളയായി, അല്ലെങ്കില്‍ പൂക്കളായി. വീഴുന്നത് എന്തെങ്കിലും പ്രവര്‍ത്തിയാണെങ്കില്‍ അതും മുളപൊട്ടും. ഒന്നുകില്‍ വിഷച്ചെടിയായി, അല്ലെങ്കില്‍ ഔഷധച്ചെടിയായി. ഇമാം ശഅബിയുടെ നാവില്‍നിന്നു വീണ വാക്കുകളാണ് ഇമാം അബൂഹനീഫയെന്ന പണ്ഡിതാഗ്രേസരനെ ലോകത്തിനു സമ്മാനിച്ചത്. ആ പണ്ഡിതന്‍ വഴി ലോകത്തിന് ഇന്നും വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുന്നു. ആ വാക്കുകളുടെ സ്വാധീനഫലം ഇനിയുമെത്ര കാലത്തേക്കു വ്യാപിക്കാനിരിക്കുന്നു..! ഖാബീല്‍ എന്ന ദുഷ്ടസന്തതിയില്‍നിന്നു പുറത്തേക്കുവീണത് കൊല എന്ന പാതകമാണ്. ആ വിഷവിത്തില്‍ നിന്ന് ഇന്നും വിഷച്ചെടികള്‍ മുളച്ചുപൊന്തുന്നു.. ഇനിയുമെത്ര കാലങ്ങളിലേക്ക് അതിന്റെ സ്വാധീനം നീളാനിരിക്കുന്നു..!
വിത്തില്‍നിന്നു മുളപൊട്ടിയുണ്ടാകുന്ന വൃക്ഷവും അതില്‍നിന്നു പിരിഞ്ഞുണ്ടാകുന്നവയും എവിടെയാണ് അവസാനിക്കുന്നതെന്ന് പ്രവചിക്കുക സാധ്യമല്ല. അതുപോലെ, പറയുന്ന വാക്കുകളുടെയും ചെയ്യുന്ന പ്രവര്‍ത്തികളുടെയും സ്വാധീനം എവിടെയാണ് അവസാനിക്കുന്നതെന്നു പറയുക നമുക്കസാധ്യം. വാക്കുകളും പ്രവര്‍ത്തികളും സൂക്ഷിച്ചുവേണം പ്രയോഗിക്കാന്‍ എന്നു പറയുന്നതതുകൊണ്ടാണ്.
ഖുര്‍ആന്‍ സൂറത്ത് യാസീനില്‍ പറഞ്ഞു: 'നിശ്ചയം നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുക. അവര്‍ മുന്‍പ് അനുവര്‍ത്തിച്ചതും അവയുടെ അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട്. സര്‍വകാര്യവും ഒരു സ്പഷ്ടപ്രമാണത്തില്‍ നാം തിട്ടപ്പെടുത്തിവച്ചിരിക്കുന്നു'(36: 12).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."