ബാലുശ്ശേരി മുക്കിലെ ട്രാഫിക് പരിഷ്‌കരണം: പൊലിസിനെതിരേ പൊതുമരാമത്ത് വകുപ്പ്
ബാലുശ്ശേരി: അപകടങ്ങള്‍ നിത്യ സംഭവമാകുന്ന ബാലുശ്ശേരി മുക്കില്‍ പൊലിസ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ഓവുചാല്‍ മണ്ണിട്ടു നികത്തിയെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് പൊലിസിനെതിരെ നടപടിയാരംഭിച്ചു. പാലം നിര്‍മാണത്തോടനുബന്ധിച്ച് ജങ്ഷനും പാര്‍ശ്വ റോഡുകളും വീതി കൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് അക്വിസിഷന്‍ നടപടികള്‍ സ്വീകരിച്ച് അംഗീകാരത്തിനായി അയച്ചുകൊടുത്തിട്ടുണ്ട്.
ഈ സ്ഥലത്തിനോട് ചേര്‍ന്നുള്ള ഓവുചാല്‍ മണ്ണിട്ടു നികത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉന്നത പൊലിസ് അധികാരികള്‍ക്കും പൊതുമരാമത്ത് ഡിവിഷനല്‍ എന്‍ജിനീയര്‍ക്കും പരാതി നല്‍കിയത്. ബാലുശ്ശേരി മുക്കിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ റോഡിലെ കുഴികള്‍ നികത്തി ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുകയാണുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതി പ്രകാരമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
അക്വിസിഷന്‍ നടപടികള്‍ നീണ്ടുപോയതിനാല്‍ ഇവിടെ നില നിന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ വിലപിടിപ്പുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ഭൂമി ഇടിച്ചു നിരപ്പാക്കുകയും ചെയ്തതായി പരാതിയുണ്ട്. മുക്കിലെ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പൊലിസും മരാമത്തു വകുപ്പും കൊമ്പുകോര്‍ക്കുകയാണ്.
താമരശ്ശേരി സംസ്ഥാന പാതയിലും പൊതുമരാമത്ത് വകുപ്പ് കുഴികള്‍ നികത്താത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്ന സ്ഥലങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നികത്താന്‍ പൊലിസ് തയാറെടുപ്പുകള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."