ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനം നടക്കുന്ന തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്ത ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് 12നു സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.
ദേശീയത അടിച്ചേല്‍പ്പിക്കുന്നുവെന്നും സിനിമാ ഹാളില്‍ വില്‍ക്കാനുള്ള ചരക്കല്ല ദേശീയഗാനമെന്നും പ്ലക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരുന്നു.
പൊലിസ് ഉദ്യോഗസ്ഥര്‍ മഫ്ടിയില് തിയേറ്ററില്‍ പ്രവേശിക്കുന്നതു തടയുമെന്നും ഡെലിഗേറ്റുകളെ തിയേറ്ററുകളില്‍ കയറി അറസ്റ്റ് ചെയ്താല്‍ മേള നിര്‍ത്തിവയ്ക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു.
ഡെലിഗേറ്റുകള്‍ എഴുന്നേറ്റു നിന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നതു മാധ്യമങ്ങളായതിനാല്‍ അകത്ത് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്നും ഡെലിഗേറ്റുകളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഡെലിഗേറ്റുകളെ മാത്രമാണ് ഇന്നലെ തിയേറ്ററിനകത്തു പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസമാണു ദേശീയഗാനത്തോട് അനാദരവു കാട്ടിയെന്ന് ആരോപിച്ച് അഞ്ചു ഡെലിഗേറ്റുകളെ പൊലിസ് അറസ്റ്റ് ചെയ്തത്.
ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ല: മന്ത്രി
പാലക്കാട്: ദേശീയഗാനവും ദേശഭക്തിയും അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്ന് മന്ത്രി എ.കെ.ബാലന്.
ചലച്ചിത്രമേളയില്‍ എല്ലാ സിനിമയ്ക്ക് മുന്‍പും ദേശീയഗാനം ആലപിക്കുന്നുണ്ട്. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. ആരെയും നിര്‍ബന്ധിക്കാനാവില്ല. എന്നാല്‍ പൊതു വികാരത്തിനനുസരിച്ച് എല്ലാവരും നീങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."