വയനാട്ടിലെ ആദ്യ വൈറോളജിലാബ് ബത്തേരിയില്‍
സുല്‍ത്താന്‍ ബത്തേരി: വൈറോളജി ലാബ് ബത്തേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. താലൂക്ക് ആശുപത്രിയിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്. മണിപ്പാല്‍ യൂനിവേഴ്‌സിറ്റി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്.
കുരങ്ങ് പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സ്ഥിരീകരണം ലാബില്‍ നടക്കും. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിന്റെ (എം.സി.വി.ആര്‍) സഹായത്തോടെ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലാണ് ലാബ് പ്രവര്‍ത്തിക്കുക. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ മണിപ്പാലില്‍ നിന്നും എത്തി. മൈനസ് 20 ഡിഗ്രി വരെ താപ നിലയില്‍ സാമ്പിളുകള്‍ സൂക്ഷിക്കാവുന്ന തരത്തിലുള്ള ഫ്രീസറുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും വരുന്ന രക്ത സാമ്പിളുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഫലം നല്‍കാന്‍ ലാബിന് കഴിയും. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് സൗജന്യമായി ജില്ലയില്‍ ലാബ് സ്ഥാപിക്കുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരമുള്ള രാജ്യത്തെ 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എംസിവിആര്‍. കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പാണ് നല്‍കുന്നത്. ലാബിനാവശ്യമായ ഉപകരണങ്ങളും ജീവനക്കാരേയും എംസിവിആര്‍ നല്‍കും. ലാബിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എംസിവിആര്‍ ആണ്. ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കുരങ്ങ് പനി പടര്‍ന്ന് പിടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തതോടെയാണ് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തീരുമാനമായത്. നിലവില്‍ രോഗ സ്ഥിരീകരണത്തിനായി രക്ത സാമ്പിളുകള്‍ കര്‍ണാടകയിലെ ശിമോഗയിലേക്കാണ് അയക്കുന്നത്. ഫലം വരുമ്പോഴേക്കും ദിവസങ്ങള്‍ എടുക്കും. വൈറോളജി ലാബ് ബത്തേരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ കാലതാമസം ഒഴിവാക്കാന്‍ കഴിയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പിന്നീട് കാലതാമസം നേരിടുകയായിരുന്നു. ലാബിന്റെ ഉദ്ഘാടനം 18ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടികള്‍ക്കായി സ്വാഗത സംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."