സുസ്ഥിരവികസനലക്ഷ്യം: കിലയില്‍ ത്രിദിന ദേശീയ റൈറ്റ്‌ഷോപ്പ് തുടങ്ങി
തൃശൂര്‍: ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിതനയമായ സുസ്ഥിരവികസനം സാധ്യമാക്കുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ദേശീയ റൈറ്റ്‌ഷോപ്പ് കിലയില്‍ തുടങ്ങി. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയവും കിലയും യു.എന്‍.ഡി.പിയും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വികസന പദ്ധതി സംബന്ധിച്ച് പ്രാദേശിക ആസൂത്രണ മാര്‍ഗ്ഗ രേഖ തയാറാക്കുന്നതിനു കഴിഞ്ഞ വര്‍ഷം കിലയില്‍ നടന്ന റൈറ്റ്‌ഷോപ്പിന്റെ തുടര്‍ച്ചയാണിത്. ഇപ്പോള്‍ നിലവിലുള്ള പഞ്ചായത്തുകളുടെ വികസനമാര്‍ഗ്ഗരേഖ കൂടുതല്‍ സമ്പുഷ്ടമാക്കി ഗുണപരമായ രീതിയില്‍ സുസ്ഥിരവികസനം സാധ്യമാക്കുന്നതിനു ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രീതിയില്‍ രൂപരേഖ തയാറാക്കുകയാണ് റൈറ്റ്‌ഷോപ്പിന്റെ ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പഞ്ചായത്ത്ഗ്രാമവികസനവകുപ്പു ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റികളുമുള്‍പ്പെടെ 150 പേര്‍ റൈറ്റ്‌ഷോപ്പില്‍ പങ്കെടുക്കുന്നുണ്ട്. സുസ്ഥിരവികസനത്തിന്റെ ആഗോളഇന്ത്യന്‍ പരിപ്രേക്ഷ്യത്തെക്കുറിച്ച് യു.എന്‍.ഡി.പി.കണ്‍ട്രി അസി.ഡയറക്ടര്‍ സുമീത ബാനര്‍ജി സംസാരിച്ചു. കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം ജോ.സെക്രട്ടറി ഡോ.ബി.കെ.ശര്‍മ്മ, കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍, യു.എന്‍.ഡി.പി. നാഷനല്‍ പ്രോഗ്രാം മാനേജര്‍ ഷിബാഭരതകര്‍, കില അസി. പ്രൊഫ. ഡോ. ജെ.ബി.രാജന്‍ എന്നിവരും സംസാരിച്ചു.
ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, സ്ത്രീശാക്തീകരണം, സുസ്ഥിര സാമ്പത്തിക വികസനം, കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള പ്രതിവിധികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ ലഘൂകരിക്കല്‍, പട്ടണങ്ങളേയും മനുഷ്യവാസ സ്ഥലങ്ങളേയും സ്വയംപര്യാപ്തമാക്കല്‍, പരിസ്ഥിതിസംരക്ഷണം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും റൈറ്റ്‌ഷോപ്പിലെ ചര്‍ച്ചകള്‍. സുസ്ഥിര വികസന ലക്ഷ്യത്തിനു പഞ്ചായത്തുകള്‍ക്കുള്ള പങ്കിനെക്കുറിച്ചായിരുന്നു ആദ്യ ദിവസത്തെ ചര്‍ച്ചകള്‍. വിവിധ ഗ്രൂപ്പുചര്‍ച്ചകള്‍ക്കു ജഗ്ജീവന്‍, ഡോ. ജോയ് ഇളമണ്‍, ഡോ. കലാധരന്‍, നിര്‍മ്മല സാനു ജോര്‍ജ്, ഡോ. അജയ് വര്‍മ്മ, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. സുസ്ഥിരവികസനത്തിനുള്ള പരിശീലന മാന്വലിനെക്കുറിച്ച് ഇന്റര്‍ കോഓപ്പറേഷന്‍ ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ.ജോയ് ഇളമണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."