പണമില്ല.. കംപ്യൂട്ടറും തകരാറില്‍; കൊട്ടാരക്കര ട്രഷറിയിലെത്തുന്ന വയോധികര്‍ വലയുന്നു...
കൊട്ടാരക്കര: മതിയായ പണം ഇല്ലാത്തതും അടിക്കടി ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ തകരാറും നിമിത്തം കൊട്ടാരക്കര സബ് ട്രഷറിയില്‍ പണമെടുക്കുവാന്‍ എത്തുന്ന വയോധികര്‍ വലയുന്നു.
തലേദിവസം എത്തി ടോക്കണ്‍ എടുത്തവര്‍പോലും പിറ്റേന്ന് പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി നൂറു കണക്കിന് വൃദ്ധ ജനങ്ങളാണ് പണം എടുക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയത്. ഇതില്‍ ഭൂരിപക്ഷം പേരും തലേദിവസം എത്തി ടോക്കണ എടുത്തവരാണ്. ഇന്നലെ വയോധികര്‍ പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ എത്തിയപ്പോള്‍ ഇവിടെ ആവശ്യത്തിന് പണം ഇല്ലായിരുന്നു. വളരെ നേരം കാത്തിരുന്ന ശേഷമാണ് ബാങ്കില്‍ നിന്നും കുറച്ചു പണം എത്തിച്ചേര്‍ന്നത്. ഇവിടെ നിന്നും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് പെന്‍ഷന്‍ തുക ലഭിച്ചിട്ടുള്ളു. ഈ തുകയും അപര്യാപ്തമായിരുന്നു. ലഭിക്കേണ്ട യഥാര്‍ഥ തുക പലര്‍ക്കും ലഭിച്ചിട്ടില്ല. രണ്ടായിരം, നാലായിരം രീതിയിലായിരുന്നു പണ വിതരണം.
നൂറും ചില്ലറ നോട്ടുകളും ഇല്ലാതിരുന്നതിനാല്‍ യഥാര്‍ത്ഥ പെന്‍ഷന്‍ തുക പലര്‍ക്കും ലഭിച്ചിട്ടില്ല. ബാങ്കില്‍ നിന്നും ലഭിച്ച പണം നിമിഷങ്ങള്‍ക്കകം തീരുകയും ചെയ്തു. ഒന്നാം തീയതി മുതല്‍ പത്താം തീയതി വരെ പെന്‍ഷന്‍ ആവശ്യത്തിന് ദിനംപ്രതി രണ്ടു കോടിയോളം രുപ ഈ ട്രഷറിയില്‍ എത്തിച്ചേരുന്നതാണ്. എന്നാല്‍ ഇത്തവണ ആ രീതിയില്‍ പണം ലഭിച്ചിരുന്നില്ല. ഓരോ ദിവസവും ബാങ്കില്‍ നിന്നും തവണകളായാണ് പണം എത്തിച്ചിരുന്നത്. ഇത് കാത്തിരുന്ന വൃദ്ധജനങ്ങള്‍ പലരും അവശതയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. പതിനഞ്ചാം തീയതിക്കു ശേഷവും ട്രഷറിയിലെ പെന്‍ഷന്‍ വിതരണം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ല.
അടിക്കടി ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ തകരാറ് ട്രഷറിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളും ജീവനക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ട്രഷറി വഴി പണമൊടുക്കുവാന്‍ വരുന്നവരും കമ്പ്യൂട്ടര്‍ തകരാറു മൂലം മണിക്കൂറുകളാണ് ട്രഷറിയില്‍ ചെലവഴിക്കേണ്ടി വരുന്നത്. നെറ്റ് ലഭിക്കുന്നതിലെ തകരാറാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമുണ്ടാക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."