മാലിന്യം വിളമ്പുന്ന ഭക്ഷണശാലകള്‍; തിരിഞ്ഞുനോട്ടമില്ലാതെ അധികൃതര്‍
കൊട്ടാരക്കര: ചായക്കടയില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത അട്ടയെ കണ്ടെത്തുകയും വിവാദമാകുകയും ചെയ്തിട്ടും കൊട്ടാരക്കരയിലെ ഭക്ഷണശാലയിലെ നടത്തിപ്പുകള്‍ മാറ്റമില്ലാതെ തുടരുകയാണ്.
വൃത്തിഹീനമായതും മായം ചേര്‍ക്കലും വില കൂടുതലും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍ ഇപ്പോഴും. വടയില്‍ ചത്ത അട്ടയെ കണ്ട സംഭവം വിവാദമായത് കാരണം ഭക്ഷ്യ സുരക്ഷ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ ചായക്കടയില്‍ പരിശോധന നടത്തുകയും കട അടയ്പ്പിക്കുകയും ഉണ്ടായി. വടയും പലഹാരങ്ങളും താന്‍ ഉണ്ടാക്കിയതല്ലെന്നും പൂത്തൂരിനു സമീപം വെണ്ടാറില്‍ പ്രവര്‍ത്തിപ്പിക്കുന്ന പലഹാര നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് മൊത്ത വിലയ്ക്ക് വാങ്ങി വരുന്നതെന്നായിരുന്നു ഉടമയുടെ മൊഴി. എന്നാല്‍ ഈ നിര്‍മാണ കേന്ദ്രത്തില്‍ ഉടന്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറായില്ല. പരിശോധനയ്ക്ക് പോകുവാന്‍ വാഹനമില്ലാ എന്നായിരുന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലപാട്.
പൊതുപ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വൈകിട്ടോടെ പരിശോധനയ്ക്ക് എത്തിയെങ്കിലും നടത്തിപ്പുകാര്‍ മുങ്ങിയിരുന്നു. തമിഴ് നാട്ടുകാരുടെ ഒരു സംഘമാണ് ഇവിടെ വാടക വീട് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി വലിയ തോതില്‍ പലഹാര നിര്‍മാണം നടത്തി വരുന്നത്. ഇവരാണ് താലൂക്കിലെ എല്ലായിടങ്ങളിലും കടകളില്‍ പലഹാര വിതരണം നടത്തിവരുന്നത്. പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും ലൈസന്‍സ് ഇല്ലാതെയാണ് വന്‍ തോതിലുള്ള ഈ വ്യവസായം നടത്തി വന്നിരുന്നത്. കിഴക്കന്‍ മേഖലയിലെ മിക്കഗ്രാമപ്രദേശങ്ങളിലും ഇത്തരം പലഹാര യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ് ഇവ നടത്തുന്നതും പണിയെടുക്കുന്നതുമെല്ലാം. കണ്ടാല്‍ അറപ്പു തോന്നുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. അടുത്തിടെ നവമാധ്യമങ്ങളിലൂടെ ഇവിടുത്തെ നിര്‍മാണ രീതികള്‍ ചിത്രസഹിതം പുറത്തു വന്നിരുന്നു.
തറയില്‍ മാവിട്ട് ചവിട്ടി കുഴയ്ക്കുന്നതും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മാവില്‍ വിയര്‍പ്പു കണങ്ങള്‍ വീഴുന്നതും വീഡിയോ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചെറുകിട ഇടത്തരം ഭക്ഷണശാലകളില്‍ ഇതരസംസ്ഥാനക്കാര്‍ എത്തിച്ചുകൊടുക്കുന്ന പലഹാരങ്ങളാണ് വിറ്റു വരുന്നത്. ദോശയും അപ്പവും ഊണിനുള്ള ചോറുപോലും ഇങ്ങനെ എത്തിച്ചുകൊടുക്കുന്നുണ്ട്. വൃത്തിയില്ലായ്മ മാത്രമല്ല മാര്‍ദ്ദവം നിലനില്‍ക്കാനും കേടുവരാതിരിക്കാനും രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇവയുടെ നിര്‍മാണം. വിവിധയിനം വടകള്‍, നെയ്യപ്പം, കേക്ക്, അള്‍ബൂരി, മുറുക്ക്, ബോളി തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നിര്‍മിച്ചു കടകളില്‍ എത്തിക്കുകയാണ്. കടകളില്‍ നാലുരൂപയ്ക്ക് എത്തിച്ചുകൊടുക്കുന്ന ഈ പലഹാരങ്ങള്‍ എട്ടു രൂപയ്ക്കാണ് നടത്തിപ്പുകാര്‍ വിറ്റു വരുന്നത്. ഒന്നുമറിയാതെ ഇരട്ടി ലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍.
കൊട്ടാരക്കര ടൗണിലെ ഭക്ഷണശാലകള്‍ ഓരോ സാധനത്തിനും വ്യത്യസ്ത വിലയാണ് ഈടാക്കി വരുന്നത്. ഊണിനും കാപ്പിക്കും , മീന്‍, ഇറച്ചി വിഭവങ്ങള്‍ക്കുമെല്ലാം ഒരോകടയിലും ഒരോ വിലയാണ്. ചായക്കു പോലും വ്യത്യസ്ത വില ഈടാക്കി വരുന്നുണ്ട്. തമിഴ്‌നാട്ടുകാര്‍ നടത്തുന്ന വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ പകല്‍ കൊള്ളയാണ് നടന്നു വരുന്നത്. പുറത്തു നല്ല വൃത്തിയുള്ള വെജിറ്റേറിയന്‍ കടകളുടെ അടുക്കളയും പിന്നാമ്പുറങ്ങളുമെല്ലാം വൃത്തിഹീനമാണ്.
ശബരിമല സീസണ്‍ തുടങ്ങിയതോടെ കൊട്ടാരക്കരയിലെ ഭക്ഷണശാലകളില്‍ നടക്കുന്നത് പിടിച്ചു പറിയാണ്. ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 200ല്‍ അധികം ഭക്ഷണശാലകള്‍ കൊട്ടാരക്കര ടൗണിലുണ്ട്. ജനങ്ങളുടെ ആരോഗ്യ സാമ്പത്തിക ജീവിതങ്ങളെ തകര്‍ക്കുന്ന ഭക്ഷണശാലകളുടെ കാലങ്ങളായുള്ള പ്രവര്‍ത്തനം ഭക്ഷ്യ സിവില്‍ വകുപ്പും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും മുന്‍സിപ്പാലിറ്റിയും കണ്ടില്ലെന്നു നടിക്കുന്നു. ഇതൊടൊപ്പം മാസപ്പടിയും അവിഹിത ബന്ധങ്ങളും ആരോപണമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."