നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം താളം തെറ്റുന്നു
തിരുവനന്തപുരം: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തുമൂലം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
നഗരത്തിലെ ഓടകളുടെ ചുമതല കോര്‍പറേഷന്‍, പൊതുമരാമത്ത് വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവക്കാണ്. ഈ വകുപ്പുകളുടെ ഓടകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടാണു കിടക്കുന്നത്. കൂട്ടായ പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ ശുചീകരണം കാര്യക്ഷമമാകൂ. എന്നാല്‍ ഓരോരുത്തരും അവരുടെ അധികാര പരിധിയില്‍ വരുന്ന ഓടകള്‍ മാത്രമാണു വൃത്തിയാക്കുന്നത്. കോര്‍പറേഷന്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനായി ഓരോ വാര്‍ഡിനും 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, ഓടകള്‍ വൃത്തിയാക്കുക, മാലിന്യം നീക്കംചെയ്യുക തുടങ്ങിയവയാണു ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ഓടകളില്‍ ഭൂരിപക്ഷവും ഇപ്പോഴും പ്ലാസ്റ്റിക്കും കുപ്പികളും തുണികളും നിറഞ്ഞു കിടക്കുകയാണ്. കൃത്യമായി ഓരോ വകുപ്പിന്റെയും ഓടകള്‍ ഏതാണെന്ന് അറിയാത്തതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശുചീകരണത്തിന്റെ പേരില്‍ നഗരത്തിലെ മാലിന്യം വാരി മാറ്റുമ്പോഴും വീണ്ടും കുന്നുകുടുന്ന മാലിന്യത്തിനെതിരെ പ്രായോഗികമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. വരും ദിവസങ്ങളില്‍ മഴ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രകണ്ടു നടക്കുമെന്നു കാത്തിരുന്നു കാണേണ്ടി വരും. സാധാരണ വേനല്‍ക്കാലം പകുതി എത്തുമ്പോഴാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇത്തവണ അവസാന നാളുകളിലാണു ശുചീകരണം. പല വകുപ്പുകള്‍ക്കു കീഴിലാണു ശുചീകരണമെന്നതിനാല്‍ മുന്‍കാലങ്ങളിലെ പോലെ ഇത്തവണയും ശുചീകരണം ഫലവത്താകില്ല. ഓപ്പറേഷന്‍ അനന്തയുടെ ഒന്നാം ഘട്ടത്തിന്റെ കാലത്തു വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയുടെ പ്രശ്‌നം ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. ശുചീകരണം ഫലപ്രദമായി നടക്കുകയാണെന്നു മൂന്നു കൂട്ടരും അവകാശപ്പെടുമ്പോഴും നഗരത്തിലെ ഓടകളും പ്രധാന കേന്ദ്രങ്ങളും മലീമസമായി തന്നെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."