രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു പ്രതിപക്ഷനിരയില്‍ ഭിന്നത; രാഷ്ട്രപതിയെ കണ്ടത് പകുതിയോളം കക്ഷികള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ തുടക്കംമുതല്‍ ഒന്നിച്ചുനിന്നെങ്കിലും ശീതകാലസമ്മേളനം അവസാനിച്ച ഇന്നലെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഭിന്നത. ഇന്നലെ ഉച്ചയ്ക്ക് 16 പ്രതിപക്ഷകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ വരെ പ്രതിപക്ഷം ഒന്നിച്ചെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതോടെയാണു പ്രതിപക്ഷത്തിനിടയില്‍ ഭിന്നതയ്്ക്കു കളമൊരുങ്ങിയത്.
നോട്ട് നിരോധന വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം ശക്തമായി നിലകൊണ്ട മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍, തങ്ങളോട് ആലോചിക്കാതെ പ്രധാനമന്ത്രിയെ കണ്ട കോണ്‍ഗ്രസിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രാഷ്ട്രപതിയെ കാണുന്നതില്‍ നിന്നു ചിലകക്ഷികള്‍ വിട്ടുനിന്നു. രാവിലെ സഭാനടപടികള്‍ക്കിടെയാണ് നരേന്ദ്രമോദിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ നടത്തിയ കിസാന്‍ റാലിക്കിടെ കര്‍ഷകരില്‍നിന്നു ശേഖരിച്ച പരാതികളും നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ സ്വന്തംനിലയ്ക്കു കോണ്‍ഗ്രസ് തീരുമാനമെടുത്തതാണ് ഉത്തര്‍പ്രദേശിലെ പ്രമുഖ കക്ഷികളായ ബി.എസ്.പിയെയും എസ്.പിയെയും ചൊടിപ്പിച്ചത്. എന്നാല്‍, നിവേദനം പ്രധാനമന്ത്രി വാങ്ങിവച്ചതല്ലാതെ അതേകുറിച്ച് അനുകൂല മറുപടിയൊന്നും തന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12ന് പാര്‍ലമെന്റില്‍നിന്നു കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്കു പോകാനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കക്ഷികള്‍ വിട്ടുനിന്നതോടെ രാഷ്ട്രപതിഭവനിലേക്കുള്ള മാര്‍ച്ച് ഒഴിവാക്കി. ഇടതുകക്ഷികളും എസ്.പി, ബി.എസ്.പി, ഡി.എം.കെ, എന്‍.സി.പി കക്ഷികളും രാഷ്ട്രപതിയെ കാണുന്നതില്‍നിന്നു വിട്ടുനിന്നു. അതേസമയം, കോണ്‍ഗ്രസിന്റെ നടപടിയില്‍ എതിര്‍പ്പറിയിച്ചെങ്കിലും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തു. സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഖെ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നയിച്ച സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു ഉള്‍പ്പെടെ പത്തോളം പ്രതിപക്ഷ പാര്‍ട്ടികളുടെ എം.പിമാരുമുണ്ടായിരുന്നു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പാര്‍ലമെന്റ് തടസപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാഷ്ട്രപതിക്കു നിവേദനം നല്‍കി. കൂടിക്കാഴ്ചയില്‍നിന്നു വിട്ടുനിന്നെങ്കിലും ഡി.എം.കെയും സി.പി.എമ്മും നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു.
പാര്‍ലമെന്റ് ശരിയായ രീതിയില്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നോട്ട് വിഷയത്തില്‍ ചര്‍ച്ചനടത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷനേതാക്കളെ സംസാരിക്കാനോ സഭയില്‍ ചര്‍ച്ച ചെയ്യാനോ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."