ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനവുമായി ലക്കിടി റെയില്‍വേ സ്റ്റേഷന്‍
പത്തിരിപ്പാല: ട്രെയിനുകളുടെ വരവും പോക്കും കാര്യക്ഷമമായും സുഗമമായും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ സൗകര്യമൊരുക്കി ലക്കിടി റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രോണിക് ഇന്റര്‍ ലോക്കിങ് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. 1984 മുതല്‍ നിലവിലുണ്ടായിരുന്ന പാനല്‍ ഇന്റര്‍ലോക്കിങ് സംവിധാനത്തിനു പകരമായാണിത്. ദക്ഷിണ റെയില്‍വേയുടെ സിഗ്നലിങ് ആന്‍ഡ് ടെലികമ്യൂനിക്കേഷന്‍സ് (പ്രൊജക്ട്) വിഭാഗം പാലക്കാട് ഡിവിഷന്റെ സഹായത്തോടെയാണു സംവിധാനം സ്ഥാപിച്ചത്. ആധുനിക സോഫ്റ്റ്‌വെയറിന്റെയും മൈക്രോപ്രോസസറിന്റെയും സഹായത്തോടെ ഡിസ്‌പ്ലേ മോണിറ്ററുകള്‍ വഴി ട്രാക്കിലെ നീക്കങ്ങള്‍, സിഗ്നലുകളുടെ സ്ഥാനം, പോയിന്റുകളുടെ നില, ലെവല്‍ക്രോസ് ഗേറ്റുകളുടെ സ്ഥിതിവിവിരം, സമീപ ബ്ലോക്കുകളിലെയും മറ്റും ട്രെയിനുകളുടെ സ്ഥാനം എന്നിവ വ്യക്തമായി നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ഇനി ഇതുവഴി സാധിക്കും.
സിഗ്നലിങ് ഗിയറുകള്‍ പ്രവര്‍ത്തിച്ചു ട്രെയിനുകളെ സ്വീകരിക്കാന്‍ ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ നല്‍കുന്നതു മോണിറ്റര്‍ നിരീക്ഷിച്ച് കംപ്യൂട്ടര്‍ മൗസ് ക്ലിക്കിലൂടെയാകും. കടന്നുപോകുന്ന ട്രെയിനുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സമീപത്തെ മെയിന്റെനേഴ്‌സ് ടെര്‍മിനലില്‍ ശേഖരിക്കും. തെറ്റായ ട്രെയിന്‍ നീക്കങ്ങളുണ്ടായാലോ പാകപ്പിഴകളുണ്ടായാലോ കണ്ടുപിടിക്കാന്‍ ഇത് ഉപകരിക്കും. പറളിയില്‍ നേരത്തേതന്നെ ഈ സംവിധാനം നടപ്പാക്കിയിരുന്നു. ഒറ്റപ്പാലം, മാന്നനൂര്‍ സ്റ്റേഷനുകളിലും ഇതു താമസിയാതെ നടപ്പാക്കും.പുതിയ സംവിധാനം നടപ്പാക്കാന്‍ രണ്ടുകോടി രൂപയാണു ചെലവിട്ടത്. സംവിധാനം സ്ഥാപിക്കാനും സ്റ്റേഷന്‍ മാസ്റ്ററുടെ മുറി, ടിക്കറ്റ് കൗണ്ടര്‍ എന്നിവയടക്കമുള്ള പുതിയ കെട്ടിടം നിര്‍മിക്കാനായി 29 ലക്ഷം രൂപയും ചെലവു വന്നതായി റെയില്‍വേ അറിയിച്ചു.
പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സിഗ്നലിങ് ആന്‍ഡ് ടെലികമ്യൂനിക്കേഷന്‍സ് എന്‍ജിനീയര്‍ ജി. ശേഖര്‍, സിഗ്നലിങ് ആന്‍ഡ് ടെലികമ്യൂനിക്കേഷന്‍സ് വിഭാഗം സീനിയര്‍ എന്‍ജിനീയര്‍ എന്‍. രാമചന്ദ്രന്‍ തുടങ്ങിയവരെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."