സാമൂഹിക വിരുദ്ധരുടെ താവളമായി എലപ്പുള്ളി പേട്ട മിനി സ്റ്റേഡിയം
എലപ്പുള്ളി : വര്‍ഷങ്ങളായി പണിപൂര്‍ത്തിയായ എലപ്പുള്ളി പേട്ടയിലെ മിനി സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടത്തിയ സ്റ്റേഡിയത്തിന്റെ കെട്ടിടത്തില്‍ പൊതു പ്രവര്‍ത്തനം നടക്കേണ്ടിടത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് കാലങ്ങളായി നടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയത്തില്‍ ഇതുവരെ പൊതുപരിപാടികളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ സ്റ്റേഡിയത്തിലെ കെട്ടിടം ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞ സ്ഥിതിയിലാണ്. അതുകൊണ്ടുതന്നെ ഇനി പരിപാടികള്‍ നടത്താനും കഴിയുകയില്ല.
സ്റ്റേഡിയത്തിന്റെ സ്ഥലം എളപ്പുള്ളി വേങ്ങോടി ചാന്തമ്പുള്ളി വേലപ്പന്‍ എന്ന വ്യക്തിയുടെതായിരുന്നു. അദ്ദേഹം സ്റ്റേഡിയത്തിനായി സംഭാവന ചെയ്തതാണ്. തുടര്‍ന്ന് പഞ്ചായത്തിന്റെ ചിലവില്‍ കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ഉപയോഗകരമല്ലാത്ത രീതിയിലായിരിക്കുന്ന അവസ്ഥയാണ്.
സ്റ്റേഡിയത്തിന്റെ സമീപത്താണ് പേട്ട ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതിനാല്‍ ആളുകള്‍ക്ക് ഇതുവഴി പോകാന്‍ തന്നെ ഭയമാണ്. ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടം നവീകരിക്കുക, സാമൂഹിക വിരുദ്ധശല്യത്തിനെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നിരവധി തവണ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ക്ക് അനക്കാപ്പാറ നയമാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കല്യാണമണ്ഡപം നിര്‍മിക്കുകയോ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്താല്‍ സ്റ്റേഡിയത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ഒപ്പം പഞ്ചായത്തിന് നല്ല നേട്ടമുണ്ടാകുകയും ചെയ്യും.
ഇത്തരം ആവശ്യങ്ങള്‍ ജനപ്രതിനിധികളും നാട്ടുകാരും പഞ്ചായത്തില്‍ ഉന്നയിക്കുന്നെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."