മലബാറിലെത്തുന്നത് 198 ഇനം ദേശാടനപ്പക്ഷികള്‍
പൊന്നാനി: മലബാറില്‍ 198 ഇനം ദേശാടനപ്പക്ഷികള്‍ എത്തുന്നതായി പഠനം. മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയാണ് സര്‍വേ നടത്തിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് ഇവ കൂടുതലായും എത്തുന്നത്.
കുറിത്തലയന്‍ വാത്ത്, ചെങ്കൊക്കന്‍ ആള, ബാര്‍ ഹെഡഡ് ഗോസ്, റുഫോസ് ഈഗിള്‍, ഗാഡ്‌വെല്‍ തുടങ്ങിയ അപൂര്‍വയിനം ദേശാടനക്കിളികളും ഇക്കൂട്ടത്തിലുണ്ട്. പക്ഷി നിരീക്ഷകരായ ശശിധരന്‍, റഹീം മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള 142 അംഗ സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മാത്രമായി 142 ഇനം ദേശാടനക്കിളികള്‍ വിരുന്നെത്തുന്നുണ്ട്. ഇതില്‍ ചെങ്കൊക്കന്‍ ആള കാസ്പിയന്‍ തീരത്തുനിന്നാണ് വരുന്നത്. കുറിത്തലയന്‍ വാത്ത് വരുന്നതാകട്ടെ ചൈന, മംഗോളിയ എന്നിവിടങ്ങളില്‍ നിന്നാണ്. ഈയിനത്തെ നേരത്തേ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പക്ഷിസങ്കേതങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ഇവയെ മലബാര്‍ തീരങ്ങളില്‍ കാണുന്നതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കോട്ടൂളി, മാവൂര്‍, കൊളാവി, വടകര, മണിയൂര്‍, ചെരണ്ടത്തൂര്‍, കാക്കവയല്‍, കടലുണ്ടി, പൊന്നാനി, പുറത്തൂര്‍ എന്നിവിടങ്ങളിലാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പക്ഷി നിരീക്ഷണം നടത്തിയത് .
ഒക്ടോബര്‍ അവസാനം മുതല്‍ ഏപ്രില്‍ വരെയാണ് നിളാതീരത്ത് ദേശാടനക്കിളികള്‍ എത്താറുള്ളത്. മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയോരത്തെ അഞ്ചോളം കേന്ദ്രങ്ങളിലാണ് പ്രധാനമായും ദേശാടനക്കിളികള്‍ എത്തുന്നത്. ഇതില്‍ പ്രധാനം പൊന്നാനിക്കടുത്തുള്ള പുറത്തൂര്‍ ആണ്. ഭാരതപ്പുഴയും തിരൂര്‍ പുഴയും സംഗമിക്കുന്ന പുറത്തൂരില്‍ ഇതിനകം അപൂര്‍വയിനം സൈബീരിയന്‍ കൊക്കുകള്‍ വിരുന്നെത്തിയിട്ടുണ്ട്. വിവിധയിനം ദേശാടനക്കിളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ പുറത്തൂരിനെ ഇന്റര്‍നാഷണല്‍ ബേര്‍ഡ് ലൈഫ് ദേശാടനക്കിളികളുടെ പ്രധാന സങ്കേതമായി നേരത്തേ പരിഗണിച്ചിരുന്നു. ദേശാടനക്കാരായ വലിയ കടല്‍കാക്ക, കരിന്തലയന്‍ കടല്‍ കാക്ക, ചേരക്കൊക്ക്, കഷണ്ടിക്കൊക്ക്, കന്യാസ്ത്രീ കൊക്ക്, പവിഴക്കാലി, ഗോഡ്വിറ്റ്, ചെങ്കാലന്‍ ഷാങ്ക് തുടങ്ങിയ ദേശാടന പക്ഷികളാണ് മലബാറിന്റെ വിവിധയിടങ്ങളില്‍ മുന്‍പ് കാണപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് അപൂര്‍വങ്ങളായ ലേസര്‍ ബ്ലാക്ക് ബേക്ക്ഡ് കടല്‍ പക്ഷി, ഗ്രേറ്റ് ബ്ലാക്ക് ഹീഡഡ്, എല്ലോ ലെഗഡ്, ബ്രൌണ്‍ ഹെഡഡ് തുടങ്ങിയ വിദേശയിനം കടല്‍പ്പക്ഷികളും സര്‍വസാധാരണമായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."