ജീവകാരുണ്യ പ്രവര്‍ത്തനമൊരുക്കി വാട്ട്‌സ്ആപ്പ് കൂട്ടായ്മ
വൈക്കം : വാട്ട്‌സ്ആപ്പിലൂടെ പരിചയപ്പെട്ടവര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവെച്ചപ്പോള്‍ ചുറ്റുമുള്ള മനുഷ്യര്‍ക്ക് സാന്ത്വനവും സഹായഹസ്തങ്ങളുമായി അതൊരു ജീവകാരുണ്യ സംഘടനയായി മാറി. 32ഓളം വിദ്യാര്‍ത്ഥികളാണ് വാട്ട്‌സ്ആപ്പിലൂടെ ഈ കൂട്ടായ്മയില്‍ ഒരുമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഹെല്‍പിംഗ് ഹാന്റ്‌സ് എന്ന ജീവകാരുണ്യ സംഘടനക്ക് ഇവര്‍ രൂപം നല്‍കിയത്. കടുത്തുരുത്തിയിലെ ഓള്‍ഡ് എയ്ജ് ഹോമിലെത്തി അവിടെ അന്തേവാസികളെ കുളിപ്പിച്ചും പരിചരിച്ചുമാണ് ഹെല്‍പിംഗ് ഹാന്റ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജനമൈത്രി പോലീസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് രോഗികളെ സഹായിക്കുക, വൈക്കം താലൂക്ക് ആശുപത്രിയുടെ ശുചീകരിക്കുക, നിര്‍ദ്ധനരായവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നോട്ടുപോവുകയാണ്.
മാസത്തില്‍ ഒരുതവണ ഒത്തുചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. സ്വയം മിച്ചം വെക്കുന്ന പണവും രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന സഹായങ്ങളും സുമനസ്സുകളുടെ പിന്തുണയുമാണ് ഇവരുടെ പിന്‍ബലം. 52ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ക്യാന്‍സര്‍ ബാധിതരായ രോഗികള്‍ക്ക് സഹായമെത്തിച്ചുകൊണ്ടുമാണ് ഒന്നാം വാര്‍ഷികം ഇവര്‍ ആഘോഷിക്കുന്നത്.
ബിരുദവിദ്യാര്‍ത്ഥിയായ അജിത്ത് ആശോകന്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഗ്രേഷ് എസ്.കുമാര്‍, മനഃശാസ്ത്ര വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന, ബിരുദവിദ്യാര്‍ത്ഥികളായ തരുണ്‍, നിധി തുടങ്ങിയവരൊക്കെയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
ആശ്രമം സ്‌ക്കൂളില്‍ വെച്ചുനടന്ന വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
റിട്ട. ജനമൈത്രി എസ്.ഐ ഉദയപ്പന്‍, എസ്.ഐമാരായ അസീസ്, ജയശങ്കര്‍, മിസ്റ്റര്‍ ഏഷ്യ അനൂപ് രാജു, എന്‍.മോഹനന്‍, സിസ്റ്റര്‍ ബെറ്റ്‌സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."