കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി; പുറത്താകാതെ 303
ചെന്നൈ: ചെപ്പോക്കിലെ ചെപ്പില്‍ മാണിക്യമായി മലയാളി താരം കരുണ്‍ നായര്‍ വെട്ടിത്തിളങ്ങി. ചോദ്യ ചിഹ്നത്തില്‍ നിന്ന തന്റെ കരിയറിനെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ (പുറത്താകാതെ 303) പ്രഭയില്‍ ജ്വലിപ്പിച്ച് മലയാളി താരം പകരക്കാരനായി മാത്രം തന്നെ കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക് ബാറ്റു കൊണ്ടു സ്വയം അടയാളപ്പെടുത്തി മൂല്യം വ്യക്തമാക്കിക്കൊടുത്തു. വീരേന്ദര്‍ സേവാഗിനു ശേഷം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണിന്റെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 759 എന്ന പടുകൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പിറന്നത്. 2009ല്‍ ശ്രീലങ്കക്കെതിരേ മുംബൈയില്‍ നേടിയ ആറു വിക്കറ്റിനു 726 റണ്‍സായിരുന്നു റെക്കോര്‍ഡ്. ടെസ്റ്റില്‍ നാലാം തവണയാണ് ഇന്ത്യന്‍ സ്‌കോര്‍ 700 പിന്നിടുന്നത്.
രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചോവര്‍ ബാറ്റു ചെയ്ത് വിക്കറ്റ് നഷ്ടപ്പെമില്ലാതെ 12 റണ്‍സ് നേടിയിട്ടുണ്ട്. കെന്റ് ജെന്നിങ്‌സ് (ഒന്‍പത്), ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (മൂന്ന്) എന്നിവരാണ് ക്രീസില്‍. 282 ലീഡ് വഴങ്ങി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു പത്തു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ 270 റണ്‍സ് കൂടി. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിനെ ക്ഷണത്തില്‍ പുറത്താക്കി ഇന്ത്യ ഇന്നിങ്‌സ് വിജയം സ്വന്തമാക്കാനാകും ശ്രമിക്കുക. ഇംഗ്ലണ്ടാകട്ടെ ദിവസം മുഴുവന്‍ ബാറ്റു ചെയ്ത് മത്സരം സമനിലയില്‍ എത്തിക്കാനാകും പദ്ധതിയിടുന്നത്.
ചെപ്പോക്കില്‍ ഇന്നലെ കരുണായിരുന്നു എല്ലാം. 71 റണ്‍സുമായി നാലാം ദിനം ബാറ്റിങ് തുടങ്ങിയ കരുണ്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ആരും കരുതിയില്ല അതു ട്രിപ്പിളിലേ അവസാനിക്കൂ എന്ന്. എന്നാല്‍ കരുണ്‍ എല്ലാം തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടു ടെസ്റ്റുകളില്‍ കളിച്ചിട്ടും തുടക്കത്തിന്റെ അങ്കലാപ്പില്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കാഞ്ഞതിന്റെ നിരാശയിലായിരുന്നു മലയാളി താരം. അവസാന ടെസ്റ്റിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ടീമിലെ സ്ഥാനം തെറിക്കുമെന്ന കാര്യത്തിലും സംശയമില്ലായിരുന്നു. എന്നാല്‍ ചെപ്പോക്കില്‍ തന്റെ മികവ് അടയാളപ്പെടുത്താന്‍ താരത്തിനു സാധിച്ചു. 381 പന്തുകള്‍ നേരിട്ട് 32 ഫോറുകളും നാലു സിക്‌സറുകളും തൂക്കിയാണ് കരുണ്‍ കരിയറിലെ കന്നി അന്താരാഷ്ട്ര ട്രിപ്പിള്‍ സ്വന്തമാക്കിയത്. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ കരുണ്‍ നാലാം ദിനത്തില്‍ 71ല്‍ ബാറ്റിങ് ആരംഭിച്ച് 232 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് റെക്കോര്‍ഡുകളുടെ പെരുമഴയും സൃഷ്ടിച്ചാണ് മടങ്ങിയത്.
സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ നേടുന്ന ആദ്യ താരം, കരിയറിലെ ആദ്യ ശതകം തന്നെ ട്രിപ്പിളിലെത്തിച്ച ആദ്യ ഇന്ത്യന്‍ താരം, ടെസ്റ്റില്‍ ട്രിപ്പിളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം (25 വയസും 13 ദിവസവും), കരിയറിലെ ആദ്യ ശതകം ട്രിപ്പിളിലെത്തിക്കുന്ന ആദ്യ ഏഷ്യന്‍ താരം, മധ്യനിരയില്‍ ഇറങ്ങി ട്രിപ്പിള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം തുടങ്ങി എണ്ണമറ്റ റെക്കോര്‍ഡുകളാണ് ഇന്നലെ കരുണ്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന കരുണിന്റെ നേട്ടം കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നു. ടെസ്റ്റില്‍ നേരത്തെ ട്രിപ്പിള്‍ നേടിയ സെവാഗ് രണ്ടു തവണ നേട്ടം സ്വന്തമാക്കി. 319, 309 റണ്‍സുകളാണ് സെവാഗ് നേടിയത്. നായകന്‍ കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ സെവാഗിന്റെ പേരിലുള്ള മികച്ച വ്യക്തിഗത സ്‌കോര്‍ രണ്ടും കരുണ്‍ മറികടന്നേനെ.
നാലു വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യയെ കരുണ്‍- വിജയ് സഖ്യം മുന്നോട്ടു കൊണ്ടു പോയി. സ്‌കോര്‍ 435ല്‍ നില്‍ക്കേ വിജയ് (29) പുറത്തായി. പിന്നീട് ക്രീസിലെത്തിയ അശ്വിന്‍ കരുണിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 161 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ നയിച്ച കരുണ്‍ ഇന്നലെ ഒരറ്റത്ത് കരുത്തോടെ നില കൊണ്ടു. അശ്വിനൊപ്പം കരുണ്‍ 181 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വ്യക്തിഗത സ്‌കോര്‍ 67 ല്‍ നില്‍ക്കേ അശ്വിന്‍ മടങ്ങി. പിന്നീടെത്തിയ ജഡേജയും കരുണിനെ പിന്തുണച്ചതോടെ അവിടെയും ഇംഗ്ലണ്ടിനു പഴുതില്ലാതായി. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 754ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ ജഡേജ പുറത്തായി. പിന്നാലെ കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ച ഉടനെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നേരത്തെ രാഹുല്‍ (199), പാര്‍ഥിവ് പട്ടേല്‍ (71) എന്നിവരും തിളങ്ങിയിരുന്നു.
ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ഡേവ്‌സന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മോയിന്‍ അലി, സ്റ്റോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും കൊയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."