ശ്രവണസഹായികളുടെ ഗുണനിലവാരം പരിശോധിക്കും
കോഴിക്കോട്: വ്യാപക പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് ശ്രവണസഹായ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് പദ്ധതി തയാറാക്കുന്നു. ഇതിനായി ആരോഗ്യ സെക്രട്ടറി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതരുടെ സഹായംതേടി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓഡിയോളജി സെന്ററില്‍ ശ്രവണസഹായികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഹിയറിങ് എയ്ഡ് അനലൈസര്‍ എന്ന യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനരീതി, വിലവിവരം എന്നിവ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇത്തരത്തിലുള്ള ഉപകരണം സ്ഥാപിച്ചത്. നേരത്തേ സംസ്ഥാനത്ത് ശ്രവണസഹായികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടായിരുന്നില്ല. ഇതാണ് നിലവാരമില്ലാത്ത ശ്രവണസഹായികള്‍ വ്യാപകമാകാന്‍ കാരണമായത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് വന്‍തോതിലാണ് ശ്രവണസഹായികള്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍, ഇവയെല്ലാം വളരെ പെട്ടെന്ന് തകരാറിലാവുന്നത് പതിവായിരുന്നു. കേള്‍വിവൈകല്യത്തിന്റെ തോതനുസരിച്ചുള്ള ശ്രവണസഹായിയാണ് നല്‍കേണ്ടത്. അതു പരിശോധിക്കേണ്ടത് മറ്റു ശബ്ദങ്ങളൊന്നുമില്ലാത്ത മുറിയില്‍ വച്ചാണ്.
പലപ്പോഴും തുറസ്സായ സ്ഥലങ്ങളില്‍ വച്ചാണ് കേള്‍വി പരിശോധന നടത്തുന്നത്. ഇത് പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ ശ്രവണസഹായിയുടെ സഹായത്തോടെ കേള്‍വിശക്തി തിരിച്ചുകിട്ടുന്ന കുട്ടികള്‍ യന്ത്രം തകരാറിലാകുന്നതോടെ പഴയ സ്ഥിതിയിലെത്തുകയും അവര്‍ മാനസികമായി തകരുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."