മുല്ലയ്ക്കല്‍ ചിറപ്പ് വിപണി സജീവം; വര്‍ണ്ണ പ്ലെയിറ്റുകള്‍ തൂക്കി വിറ്റ് രാജസ്ഥാനികള്‍
ആലപ്പുഴ : നാലുനാള്‍ പിന്നിട്ട മുല്ലയ്ക്കല്‍ ചിറപ്പ് വിപണി സജീവമാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് കൗതുകവും വിസ്മയവും ഒരുക്കിയാണ് രാജസ്ഥാനികളായ യുവാക്കള്‍ വിപണി കൈയടക്കുന്നത്.
വിവിധ വര്‍ണ്ണങ്ങളിലുളള ആഹാരം വിളമ്പുന്ന പ്ലെയിറ്റുകള്‍ കിലോ നിരക്കില്‍ തൂക്കിവിറ്റാണ് ഇവര്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. നാട്ടില്‍ നാളികേരം വരെ തൂക്കി വില്‍പ്പന നടത്തുന്ന സാഹചര്യത്തിലാണ് മലയാളിയില്‍നിന്നും തൂക്കി വില്‍പന പഠിച്ച് രാജസ്ഥാനികളും തങ്ങളുടെ പക്കലുളള നിത്യോപയോഗ സാധനമായ പ്ലെയിറ്റുകള്‍ തൂക്കി വില്‍ക്കാന്‍ തീരുമാനിച്ചത്. ചിറപ്പ് അരങ്ങേറുന്ന തെരുവിലെ പ്രധാന ഭാഗത്ത് നഗരസഭയില്‍നിന്നും വാടകയ്ക്ക് എടുത്ത സ്ഥലത്ത് പന്തല്‍ക്കെട്ടി പ്ലെയ്റ്റ് കച്ചവടം പൊടിപൊടിക്കുന്നത്. കിലോയ്ക്ക് ഇരുനൂറ് രൂപ വിലവരുന്ന പ്ലെയിറ്റുകള്‍ ഡല്‍ഹിയില്‍നിന്നാണ് എത്തിച്ചിട്ടുളളത്.
സാധാരണ പ്ലെയിറ്റുകള്‍ക്ക് പുറമെ ഫാന്‍സി പ്ലെയിറ്റുകളും മേളയില്‍ സുലഭമാണ്. കൂടാതെ വിവിധയിനം ഗ്ലാസുകള്‍, കോപ്പകള്‍, ബൗളുകള്‍, ജ്യൂസ് ഗ്ലാസുകള്‍ എന്നിവയും വിപണയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. പത്തുവര്‍ഷമായി ഉള്‍സവപറമ്പുകളില്‍ സ്ഥിരം സാനിധ്യമാകുന്ന കച്ചവടക്കാരാണ് രാജസ്ഥാനില്‍നിന്നുളള ഹുസൈന്‍, ലക്ഷമണ്‍, ഷിബുരാജ് എന്നീ യുവാക്കള്‍.
നേരത്തെ പ്ലെയിറ്റ് വ്യാപാരത്തിനായി മുല്ലയ്ക്കലില്‍ എത്തിയുട്ടെങ്കിലും ഇവ തൂക്കി വില്‍ക്കുന്നത് ആദ്യമായിട്ടാണ്. പൊതുവെ നല്ല തിരിക്ക് അനുഭവപ്പെടുന്ന സ്റ്റാളില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ അന്യസംസ്ഥാന വ്യാപാരികള്‍.
പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചിറപ്പ് മഹോല്‍സവം 27 ന് സമാപിക്കും. ക്രിസ്തുമസ് - പുതുവല്‍സര ദിനങ്ങള്‍ എത്തുന്നതോടെ മുല്ലയ്ക്കല്‍ തെരുവ് ജനസാഗരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."